തിരുവനന്തപുരം ; പാര്‍ട്ടി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയില്‍ വെച്ച് അഞ്ഞൂറിലധികം വനിതകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതില്‍ സി പി എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു.പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 550ലേറെ പേര്‍ക്കെതിരെയാണ് കേസ്.
ഇടുക്കി എന്‍ജിനീയറിംഗ് കൊളജ് വിദ്യാര്‍ഥിയെ രാഷ്ട്രീയ എതിരാളികള്‍ ക്യാംപസില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ വൈകാരിക ഘട്ടത്തില്‍ മെഗാ തിരുവാതിര നടത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍്റെ വിലയിരുത്തല്‍. വിഷയത്തില്‍ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, തിരുവാതിര നടത്തിപ്പില്‍ വീഴ്ച സംഭവിച്ചുവെന്ന് സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തുറന്നു സമ്മതിച്ചു എന്നാണ് സൂചന. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്നാണ് ഇന്ന് മന്ത്രി വി ശിവന്‍കുട്ടി ഇതുസംബന്ധിച്ച് പ്രതികരിച്ചത്.