ധീരജിന്റെ കൊലപാതകം; നിഖിൽ പൈലിയടക്കം രണ്ട് യൂത്ത് കോൺ​ഗ്രസുകാർ കസ്റ്റ‍‍ഡിയിൽ

January 10, 2022
125
Views

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് യാത്രയ്ക്ക് ഇടയിൽ ആണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്- ക്രമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐയും സിപിഎമ്മും ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്ന് കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ച സിപിഎം ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യൻ പറഞ്ഞിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായ സത്യന്റെ വാഹനത്തിലായിരുന്നു കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. നിഖിൽ പൈലി ആണ് കുത്തിയതെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസും പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോയും കസ്റ്റഡിയിലായിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍സ്ഥിയുമായ ധീരജ് കുത്തേറ്റാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *