കൊച്ചി: വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ആറ് ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോൺ, സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറിയത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടൻ ദിലീപ് അടക്കമുള്ളവരുടെ മൊബൈൽ ഫോണുകൾ തിങ്കളാഴ്ച 10.15-ന് മുൻപ് രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് പി ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവും ദിലീപ് കോടതിയോട് ആവശ്യപ്പെടുക.
മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകൾ ഇന്നലെയും ഇന്ന് പുലർച്ചെയുമായാണ് തിരികെ ദിലീപിന് ലഭിച്ചത്. തിരികെ ലഭിച്ചാൽ കോടതി നിർദേശപ്രകാരം ഫോണുകൾ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം ദിലീപിന് നാല് ഫോൺ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നതെങ്കിലും മൂന്ന് ഫോൺ മാത്രമാണുള്ളതെന്നായിരുന്നു ദിലീപിന്റെ വാദം. നാലാമത്തെ ഫോൺ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും ഇന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചേക്കും.
യുവനടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതാണു കേസ്. ഇതിലെ അന്വേഷണം പൂർത്തിയാക്കാൻ ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി.അനൂപ്, സഹോദരീഭർത്താവും മൂന്നാം പ്രതിയുമായ ടി.എൻ.സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ഫോണുകൾ പരിശോധിച്ചാൽ മാത്രമേ സാധിക്കൂ എന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണു ഫോണുകൾ ഹാജരാക്കാൻ നിർദേശിച്ചത്.