ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കമായത്.
പാർട്ടി എം.പിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ പോകുന്ന വഴിയാണ് സംഭവം നടന്നത്. കോൺഗ്രസ് പ്രവർത്തകരോടൊപ്പം നടക്കുകയായിരുന്ന ശിവ കുമാറിന്റെ തോളിൽ കൈ വെക്കാൻ പ്രവർത്തകരിൽ ഒരാൾ ശ്രമിക്കുന്നതിനിടെയാണ് ശിവ കുമാർ ഇദ്ദേഹത്തെ അടിച്ചത്.
”ഇന്തെന്ത് സ്വഭാവമാണ്? ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ട്, പക്ഷേ അതിനർത്ഥം നിങ്ങൾക്കെന്തും ചെയ്യാമെന്നല്ല”, ശിവ കുമാർ വീഡിയോയിൽ പറയുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശിവ കുമാറിനെ വിമർശിച്ച് ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.