പത്തനംതിട്ട: സി.പി.ഐ. പ്രവർത്തകരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ആക്രമണം. ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്തിറക്കിയത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സി.പി.ഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എൻ.കെ. ഉദയകുമാർ, എൽ.സി. സെക്രട്ടറി സുരേഷ് ബാബു എന്നിവർക്കാണ് ക്രൂരമായ മർദനമേറ്റത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ബാങ്ക് തിരഞ്ഞെടുപ്പിനിടെ പ്രദേശത്ത് സി.പി.ഐ-സി.പി.എം. സംഘർഷം ഉടലെടുത്തിരുന്നു. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തവർ വോട്ട് ചെയ്യാനെത്തിയത് സി.പി.ഐ. പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്.
സംഘർഷത്തിൽ സി.പി.ഐ, സി.പി.എം. പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷം നിയന്ത്രിക്കാനെത്തിയ മൂന്ന് പോലീസുകാർക്കും പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെ ഞായറാഴ്ച രാത്രി സി.പി.ഐ. പ്രവർത്തകരുടെ വീടുകൾക്ക് നേരേയും ആക്രമണമുണ്ടായി.
സംഭവത്തിൽ പോലീസ് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നതായി സി.പി.ഐ. ആരോപിച്ചിരുന്നു. ജില്ലാ സെക്രട്ടറി ജയൻ അടക്കമുള്ളവരാണ് പോലീസിനെതിരേ രംഗത്തുവന്നത്. ഇതിനുപിന്നാലെയാണ് ഡി.വൈ.എഫ്.ഐക്കാർ സി.പി.ഐ പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.