ബേലൂർ മഖ്നയ്ക്ക് തൊട്ടടുത്തെത്തി ദൗത്യസംഘം.
ബേലൂർ മഖ്നയ്ക്ക് തൊട്ടടുത്തെത്തി ദൗത്യസംഘം. ഇവർ ആനയുടെ 100 മീറ്റർ അടുത്തുവരെ എത്തിയിട്ടുണ്ട്.
കൂടെ മറ്റു ആനകള്‍ കൂടിയുള്ളതിനാല്‍ മയക്കുവെടി വയ്ക്കുന്നത് പ്രയാസകരമാണ്. വെറ്ററിനറി സംഘം ശ്രമം തുടരുകയാണ്. ആന മണ്ണുണ്ടി വനമേഖലയില്‍ തുടരുകയാണ്.
വയനാട്ടില്‍ നാട്ടിലിറങ്ങിയ കൊലയാളി ആനയായ ബേലൂര് മഖ്നയെ പിടികൂടാനുള്ള നടപടികള് ഇന്ന് രാവിലെ പുനരാരംഭിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. ആന കഴിഞ്ഞ ദിവസം നിന്നിരുന്ന ഭാഗത്ത് തന്നെയാണ് ഇന്നും നിലയുറപ്പിച്ചിരിക്കുന്നത്. അതിനാല്‍ പുലർച്ചെ തന്നെ വനംവകുപ്പ് അധികൃതർ ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.
ആള്‍ക്കൂട്ടത്തെ കണ്ട് ഭയചകിതനായ മോഴയാനയെ കരയില്‍ മുഖാമുഖം നേരിട്ടു മയക്കുവെടി വയ്ക്കുന്നത് പ്രയാസകരമാണെന്നാണ് മയക്കുവെടി വെക്കുന്ന ഡാർട്ട് സംഘം പറയുന്നത്. അതിനാല്‍ ഇന്ന് മരത്തിന് മുകളില്‍ കയറി നിന്ന് മയക്കുവെടി വയ്ക്കാനാണ് നീക്കം. മണ്ണാര്ക്കാട്, നിലംബൂര് ആര്.ആര്.ടികള് കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതര് അറിയിച്ചു.
വനം വകുപ്പിലെ നാല് വെറ്ററിനറി ഡോക്ടർമാർ ദൗത്യത്തിന് നേതൃത്വം നല്‍കും. ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ, ഇൻസിഡന്റ് ക്യാപ്റ്റൻ ഡോ. അജേഷ് മോഹൻ ദാസ് എന്നിവരാണ് ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്നത്. വന്യജീവി വിഭാഗത്തിന് മാത്രമുള്ള സി.സി.എഫ്, ഡി.എഫ്.ഒ നോർത്ത് വയനാട്, ഡി.എഫ്.ഒ സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതത്തിന്റെ വൈല്‍ഡ് ലൈഫ് വാർഡൻ, കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ എന്നിവർ സ്ഥലത്ത്. ഡി.എഫ്.ഒ റാങ്കിലുള്ള നാല് ഉദ്യോഗസ്ഥർ രണ്ട് സി.സി.എഫ് എന്നിവരുടെ നേതൃത്വത്തില്‍ ദൗത്യം നടക്കും.