കോഴിക്കോട്: ആര്‍.എം.പി.ഐ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെയും സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെയും വധിക്കുമെന്ന് കാണിച്ചുകൊണ്ട് കെ.കെ. രമ എം.എല്‍.എയ്ക്ക് ലഭിച്ച ഭീഷണിക്കത്തിന്‍റെ ഉറവിടത്തെ കുറിച്ച് അന്വേഷണം തുടങ്ങി. നിലവില്‍ പോസ്റ്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വടകര അടക്കാത്തെരുവ് പോസ്റ്റ് ഓഫീസിന്‍റെ സീലാണ് കത്തിലുള്ളത്. ഇതനുസരിച്ച് ഇവിടുത്തെ പോസ്റ്റ് ബോക്സുകള്‍ കേന്ദ്രീകരിച്ച അന്വേഷണമാണിപ്പോള്‍ നടക്കുന്നത്.
നിലവില്‍ നാല് പോസ്റ്റ് ബോക്സുകളാണ് അടക്കാതെരു പോസ്റ്റ് ഓഫീസിന്‍റെ കീഴിലുള്ളത്. ഇതിന്‍റെ സമീപത്തെ സി.സി.ടി.വി പരിശോധിക്കുകയാണ് പൊലീസ്. നിലവില്‍ പൊലീസിനു ലഭിച്ച സി.സി.ടി.വിയില്‍ ഇതുസംബന്ധിച്ച തെളിവുകള്‍ ലഭ്യമായില്ലെന്നാണ് വിവരം.
എന്നാല്‍, ആര്‍.എം.പി.ഐ യുടെ നിയമസഭാ പ്രവേശനവും ജനകീയ അംഗീകാരങ്ങളും സി.പി.എമ്മിന് പ്രകോപനമുണ്ടാക്കുന്നതിന്‍റെ തെളിവാണ് ഭീഷണിക്കത്തിനു പിന്നിലെന്ന ആരോപണവുമായി ആര്‍.എം.പി.ഐ രംഗത്തെത്തി. മാധ്യമങ്ങളില്‍ സി.പി.എം നേതൃത്വത്തിനെതിരെ അഭിപ്രായം പ്രകടിക്കരുതെന്നതാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. കത്തില്‍, മുന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് പി.ജയരാജനു നേരെ നടന്ന വധശ്രമ കേസിലുള്‍പെട്ടയാളുകളുടെ പേര് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജയരാജന്‍ വധശ്രമക്കേസ് പ്രത്യേക കേസായി പരിഗണിച്ച് അന്വേഷണം നടത്തണമെന്നും ആര്‍.എം.പി.ഐ ആവശ്യപ്പെടുന്നു.