ഫെയ്സ്ബുക്ക് ഇനി ഇല്ല: ബ്രാൻഡ് നെയിം മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

October 20, 2021
175
Views

ന്യൂയോർക്ക്: സാമൂഹിക മാധ്യമ ഭീമൻമാരായ ഫെയ്സ്ബുക്ക് അതിന്റെ ബ്രാൻഡ് നെയിം മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്സ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഒരു സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്.

യുഎസ് ടെക്നോളജി ബ്ലോഗ് ആയ വെർജാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ 28-ന് നടക്കുന്ന ഫെയ്സ്ബുക്കിന്റെ വാർഷിക കണക്ട് കോൺഫറൻസിൽ മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്.

ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാൽ പേര് മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിലവിലുള്ള വിവാദങ്ങളിൽ നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായി സോഷ്യൽമീഡിയ ലേബൽ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

പേര് മാറ്റത്തോടെ ഫെയ്സ്ബുക്ക് ആപ്പ് അതിന്റെ മാതൃകമ്പനിക്ക് കീഴിലാകും. വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ അവരുടെ സേവനങ്ങളും ഈ മാതൃകമ്പനിക്ക് കീഴിൽ വരും. ബ്രാൻഡ് നെയിം മാറ്റത്തോടെ സ്മാർട്ട്ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് കടക്കാൻ സക്കർബർഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം.

അടുത്തിടെ റെയ്ബാനുമായി ചേർന്ന് ചില ഉത്പന്നങ്ങൾ അവർ അവതരിപ്പിച്ചിരുന്നു. അതേ സമയം പേര് മാറ്റം സംബന്ധിച്ച് ഫെയ്സ്ബുക്ക് ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

Article Categories:
Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *