ന്യൂ ഡെൽഹി: കർഷക സമരസ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കൊട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. ഡെൽഹി – ഹരിയാന അതിർത്തിയിലുള്ള സിംഗുവിലാണ് സംഭവം. പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്ത് വന്നു.
കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. ഹരിയാന പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. നിഹാങ്കുകൾ ഈ യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം സോനിപതിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ പാസ് ചോദിച്ചതിന് നിഹാങ്കുകൾ പഞ്ചാബ് പൊലീസിലെ നാല് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ഇതിലുണ്ടായിരുന്ന എഎസ്ഐ ഹർജീത് സിങിന്റെ കൈ വെട്ടിമാറ്റി. ഇദ്ദേഹത്തിന് പിന്നീട് ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേർക്കുകയും പഞ്ചാബ് പൊലീസ് പ്രമോഷൻ നൽകുകയും ചെയ്തിരുന്നു. ഒരു വർഷത്തിലേറെയായി സിംഗുവിൽ കർഷകർ സമരം ചെയ്യുകയാണ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെയാണ് സമരം.