ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒരു വർഷത്തിലേറെയായി തുടരുന്ന കർഷകസമരം പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടൻ. കർഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ചു. കിസാൻ സംയുക്ത മോർച്ചയ്‌ക്ക് ഉറപ്പുകൾ രേഖാമൂലം നൽകി. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിംഘുവിൽ സംയുക്ത മോർച്ച യോഗം പുരോഗമിക്കുകയാണ്. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് കർഷക നേതാക്കൾ അറിയിച്ചിരിക്കുന്നത്. സിംഘുവിലെ ടെന്റുകളും കർഷകർ പൊളിച്ചു തുടങ്ങി.
കർഷസമരം അവസാനിപ്പിക്കാനായി അഞ്ച് വാഗ്ദാനങ്ങളുമായി സംയുക്ത കിസാൻ മോർച്ചയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ കത്തയച്ചിരുന്നു. കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് സംസ്ഥാനങ്ങൾ വഴി നഷ്ടപരിഹാരം, പ്രക്ഷോഭം അവസാനിപ്പിച്ച് മടങ്ങിയാൽ കേസുകൾ പിൻവലിക്കാം, താങ്ങുവില പരിശോധിക്കാൻ കർഷക പ്രതിനിധികൾ ഉൾപ്പെട്ട സമിതി, വൈദ്യുത ഭേദഗതി ബില്ലിൽ കർഷകർക്ക് എതിർപ്പുള്ള ഭാഗങ്ങൾ ഒഴിവാക്കും, മലിനീകരണ നിയന്ത്രണ നിയമത്തിൽ കർഷകർക്കെതിരെ ക്രിമിനൽ കുറ്റവും പിഴയും ചുമത്താനുള്ള വ്യവസ്ഥ ഒഴിവാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് കേന്ദ്രം നൽകിയത്. ഇതിൽ രേഖാമൂലം ഉറപ്പ് നൽകണമെന്ന് ഇന്നലെ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടിരുന്നു. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാൽ സമരം അവസാനിപ്പിക്കാമെന്നായിരുന്നു കർഷകരുടെ നിലപാട്.
ഇതിന് പിന്നാലെയാണ് കേന്ദ്രം കർഷക സംഘടനക്ക് രേഖാമൂലം ഉറപ്പ് നൽകിയത്. കേസുകൾ പിൻവലിക്കാനുള്ള നടപടികളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.