പാനൂര്‍: കണ്ണൂര്‍ പാത്തിപ്പാലത്ത് ഒന്നര വയസ്സുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി പിതാവ് ഷിജു.
കുറച്ചു കാലങ്ങളായി കുടുംബത്തോട് ഷിജുവിന് തോന്നിയ മാനസിക അകലമാണ് കൊലക്ക് കാരണമെന്നും കുഞ്ഞിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കുറ്റസമ്മതമൊഴിയില്‍ പറയുന്നു. ഭാര്യ സോനയുടെ സ്വര്‍ണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൃത്യത്തിനു പിന്നിലെന്നും പ്രതി മൊഴിനല്‍കി.
അതേസമയം കോടതി ജീവനക്കാരനായ ഷിജു നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് സോന മൊഴി നല്‍കി. ഇതിെന്റ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കതിരൂര്‍ പൊലീസ് കേസെടുത്തിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് പാനൂര്‍ പാത്തിപ്പാലം പുഴക്ക് സമീപം കുടുംബത്തോടൊപ്പമെത്തിയ പ്രതി ഭാര്യയെയും മകളെയും വെള്ളത്തിലേക്ക് തള്ളിയിട്ടത്.
ചെക്ഡാമിെന്റ വശങ്ങളില്‍ പിടിച്ചുനിന്ന സോനയെ ഷിജു വീണ്ടും ഒഴുക്കില്‍പെടുത്തിയെങ്കിലും കൈതച്ചെടിയില്‍പിടിച്ചു നിന്നു. അപ്പോഴും ചെരിപ്പുകൊണ്ടടിച്ചു പിടിവിടുവിക്കാന്‍ ഷിജു ശ്രമിച്ചതായി സോന പൊലീസിനോട് പറഞ്ഞു. നിലവിളി കേട്ട നാട്ടുകാരാണ് സോനയെ രക്ഷിച്ചത്.
ഭാര്യയും മകളുമൊത്ത് വെള്ളിയാഴ്ച ക്ഷേത്രദര്‍ശനം നടത്തി തിരിച്ചു സന്ധ്യയോടെയാണ് ഷിജു ബൈക്കില്‍ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തിയത്.
ബൈക്ക് കുറച്ചകലെ നിര്‍ത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക്ഡാമിലെത്തി. മകള്‍ അന്‍വിതയെയുമെടുത്ത് മുന്നില്‍ നടന്ന ഷിജു ഡാമിെന്റ പകുതിയെത്തിയപ്പോള്‍ മുണ്ടു നേരെ ഉടുക്കാനെന്ന വ്യാജേന കുഞ്ഞിനെ ഭാര്യയുടെ കൈയില്‍കൊടുത്തു. ഉടന്‍ രണ്ടുപേരെയും പുഴയില്‍ തള്ളിയിടുകയായിരുന്നു. സോനയുടെ കൈയില്‍നിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കില്‍പെട്ടു.
കൃത്യത്തിനുശേഷം തലശേരിയിലേക്കും പിന്നീട്ട് മാനന്തവാടിയിലേക്കും കടന്ന ഷിജുവിനെ മട്ടന്നൂര്‍ ക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിെടയാണ് പൊലീസ് പിടിയിലായത്.
മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ കതിരൂര്‍ പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.