ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നു വിസ ക്രെഡിറ്റ് കാര്‍ഡുകള്‍

September 6, 2021
113
Views


കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം ആരംഭിക്കുന്നു. ഡിജിറ്റല്‍ പേയ്മെന്‍റ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലുള്ള വിസയുമായി ചേര്‍ന്ന് മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നത്.നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ തുടക്കത്തില്‍  ബാങ്കിന്‍റെ നിലവിലെ ഇടപാടുകാര്‍ക്കു മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഉയര്‍ന്ന തുക നിക്ഷേപമായുള്ള ഇടപാടുകാര്‍ക്ക്  സെലെസ്റ്റ,  കുടുംബാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇംപീരിയോ , യുവജനങ്ങള്‍ക്കും തുടക്കക്കാരായ പ്രൊഫഷനലുകള്‍ക്കുമുള്ള സിഗ്നെറ്റ് എന്നിങ്ങനെ മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബാങ്കിങ് രംഗത്തെ മികച്ച സൗകര്യങ്ങള്‍ ഇടപാടുകാരിലെത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട്  ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് കാര്‍ഡുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 0.49 ശതമാനം തൊട്ടാണ് പ്രതിമാസ പലിശനിരക്ക് ആരംഭിക്കുന്നത്. വാര്‍ഷിക നിരക്ക് (എപിആര്‍) 5.88 ശതമാനത്തില്‍ തുടങ്ങുന്നു.

ഇതു കൂടാതെ  ആമസോണ്‍ ഗിഫ്റ്റ് വൗചറുകള്‍, ആകര്‍ഷകമായ റിവാര്‍ഡ് പോയിന്‍റുകള്‍, ഐനോക്സില്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍, കോംപ്ലിമെന്‍ററി മെംബര്‍ഷിപ്പ് പദ്ധതികള്‍, റസ്റ്റോറന്‍റ് ബില്ലുകളില്‍ ചുരുങ്ങിയത് 15 ശമാതനം വരെ ഇളവ്, ഇന്ത്യയിലൂടനീളം പെട്രോള്‍ പമ്പുകളില്‍ ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവ്, എയര്‍പോര്‍ട്ടുകളിലെ ലോഞ്ച് ആക്സസ് തുടങ്ങി നിരവധി ഓഫറുകളാണ് ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡുകളില്‍ ലഭിക്കുക.

വെറും മൂന്ന് ക്ലിക്കിലൂടെ ഉടനടി ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാവുന്ന ‘ഡിജിറ്റല്‍ ഫസ്റ്റ്’ സൗകര്യവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഇതുപ്രകാരം, അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാലുടന്‍ കാര്‍ഡ് കിട്ടുന്നതിനു മുന്‍പായി തന്നെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈല്‍ വഴി കാര്ഡിന്‍റെ സൗകര്യങ്ങള്‍ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.  

നാഷനല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യുമായി ചേര്‍ന്ന് റുപേ ക്രെഡിറ്റ് കാര്‍ഡുകളും ബാങ്ക് താമസിയാതെ തന്നെ അവതരിപ്പിക്കുന്നതാണ്.

“ഞങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് പൂര്‍ണ്ണമായും ഡിജിറ്റലാണ്. മൂന്ന് ക്ലിക്കിലൂടെ സ്വന്തമാക്കാവുന്ന ഈ കാര്‍ഡ് ഫെഡ്മൊബൈലില്‍ തല്‍ക്ഷണം ലഭ്യമാകും. ഈ മേഖലയില്‍ ഒരു ഡിജിറ്റല്‍ കുതിച്ചുചാട്ടം നടത്താനും ഉപഭോക്താക്കള്‍ക്ക് അവര്‍ കാത്തിരുന്ന സൗകര്യമെത്തിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിസയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇതു സാധ്യമാക്കാന്‍ കഴിഞ്ഞത് എന്നതിലും ഞങ്ങള്‍ സന്തുഷ്ടരാണ്,’ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

“വലിയ തുകയുടെ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ പലപ്പോഴും ക്രെഡിറ്റ് കാര്‍ഡുകളെയാണ് ആശ്രയിക്കുന്നത്. അടുത്തിടെയായി ഈ ഉപയോഗം കൂടുതല്‍ പ്രദേശങ്ങളിലേക്കും വിഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഞങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സേവനം കൂടുതല്‍ ഉപഭോക്താക്കളിലെത്തിക്കുന്നതിന് ഫെഡറല്‍ ബാങ്കിനൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,’ വിസ ഇന്ത്യ, സൗത്ത് ഏഷ്യ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.  

ലഭിക്കാന്‍ അര്‍ഹതയുള്ള ഇടപാടുകാരുടെ എണ്ണത്തെക്കാള്‍ വളരെ കുറവാണ്   രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം. ഫെഡറല്‍ ബാങ്കുമായുള്ള പങ്കാളിത്തത്തിലൂടെ ഈ വിപണി സാധ്യത ഉപയോഗപ്പെടുത്താനും ക്രെഡിറ്റ് കാര്‍ഡ് സേവനം വിപുലപ്പെടുത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ടി ആർ രാമചന്ദ്രൻ പറഞ്ഞു.

Article Categories:
Business · Business News · Latest News

Leave a Reply

Your email address will not be published. Required fields are marked *