കോഴിക്കോട്: വാവ സുരേഷിന് പാമ്പുകടിയെറ്റത്തിന് പിന്നാലെ നിയമങ്ങൾ കടുപ്പിച്ച് വനംവകുപ്പ്. വന്യജീവി സംരക്ഷണ നിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണ്. എങ്കിലും പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവരും പാമ്പിനെപിടിക്കുന്നുണ്ട്. പലപ്പോഴും നിബന്ധന പാലിക്കാതെ നാട്ടുകാരുടെ മുന്നിൽ പാമ്പിനെവെച്ച് പ്രദർശനം നടത്തുന്നതാണ് അപകടമുണ്ടാക്കുന്നത്. അതിനാൽ ഇത്തരം പ്രവർത്തികൾ കർശനമായി വിലക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം.
വനംവകുപ്പ് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകിയവർ ഈ മാനദണ്ഡം പാലിക്കുന്നുണ്ട്. 2020-ൽ 1600 പേരെ പരിശീലിപ്പിച്ചതിൽ 928 പേർക്ക് സർട്ടിഫിക്കറ്റ് നൽകി. അഞ്ചുവർഷമാണ് ലൈസൻസ് കാലാവധിയെങ്കിലും ഇതിനിടയിൽ മാനദണ്ഡം പാലിക്കാതെ പാമ്പിനെ പിടിച്ചാൽ ലൈസൻസ് റദ്ദാക്കും.
വാവ സുരേഷ് വനംവകുപ്പ് നൽകിയ പരിശീലനത്തിൽ പങ്കെടുക്കുകയോ സർട്ടിഫിക്കറ്റ് നേടുകയോ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന് ആവശ്യമായ ചികിത്സയും സഹായധനവും നൽകാൻ വനംവകുപ്പ് തയ്യാറായിട്ടുണ്ട്. വാവ സുരേഷിനെ പോലുള്ളവർ അടിയന്തരമായി പരിശീലനപദ്ധതിയിൽ ചേർന്ന് സർട്ടിഫിക്കറ്റ് നേടണമെന്ന് വനംവകുപ്പ് കർശനമായി നിർദേശിക്കും.
സ്വന്തംനിലയിൽ പാമ്പുകളെ പിടികൂടിയതിന്റെ പരിചയമുണ്ടെങ്കിലും ശാസ്ത്രീയപരിശീലനം ഇല്ലാത്തതാണ് പാമ്പുകടിയേൽക്കാൻ കാരണമെന്ന് തിരുവനന്തപുരം അരിപ്പയിലെ വനം ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറും പാമ്പുപിടിത്തപരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ സംസ്ഥാന നോഡൽ ഓഫീസറുമായ വൈ. മുഹമ്മദ് അൻവർ പറയുന്നു.