കോഴിക്കോട്: ശനിയാഴ്ച്ച പകൽ കാട് കാണാൻ പോയി വനത്തിൽ അകപ്പെട്ട രണ്ട് യുവാക്കളെയാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി. ലോക്ക് ഡൗൺ ലംഘിച്ച് കട്ടിപ്പാറ അമരാട് വനത്തിൽ പ്രവേശിക്കുകയും, വനത്തിൽ നിന്നും വഴിതെറ്റി കാട്ടിൽ അകപ്പെടുകയും ചെയ്ത കാസർഗോഡ് സ്വദേശികളായ മുഹമ്മദ്, സഹോദരൻ അബ്ദുള്ള എന്നിവരെയാണ് കണ്ടെത്തിയത്.
താമരശേരിയിൽ ബന്ധു വീട്ടിലെത്തിയ ഇരുവരും ശനിയാഴ്ച പകൽ കാട്ടിലേക്ക് യാത്ര തിരിക്കുക ആയിരുന്നു. നേരം ഏറെ വൈകിയും വനത്തിന് സമീപം വാഹനം റോഡരികിൽ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അദ്യം ഫോസ്റ്റിൽ വിവരമറിയിച്ച്. രാത്രി മുതൽ പോലീസ്, വനം വകുപ്പ്, ദ്രുത കർമ്മ സേന, ഫയർ ഫോഴ്‌സ്, നാട്ടുകാർ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരും തിരച്ചിൽ ആരംഭിച്ചിരുന്നു. വനാതിർത്തിയിൽ നിന്നും 15 കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇരുവരും അകപ്പെട്ടത്.
ശക്തമായ മഴയും, കാറ്റും മൂലം ദുർഘടം പിടിച്ച പാതയിലൂടെയും രാത്രി സഞ്ചരിക്കാനുള്ള ബുദ്ധിമുട്ട് കാരണം രാത്രിയിൽ തന്നെ ഇവരുടെയും അടുത്ത് എത്തിചേരുവാൾ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇന്ന് പുലർച്ചെ 7.15 ഓടെയാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കൈയ്യ് വശം ഫോൺ ഉണ്ടായിരുന്നതാണ് രക്ഷാപ്രവർത്തകർക്ക് ഏറെ സഹായകരമായത്. കാട്ടിൽ അകപ്പെട്ടവരെ തിരിച്ചറിഞ്ഞതോടെ വനം വകുപ്പ് ഇവരുടെ ബന്ധുക്കളിൽ നിന്നും നമ്പർ വാങ്ങി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. മൊബൈലിന് റെയിഞ്ച് ഉണ്ടായിരുന്നതിനാൽ ഇരുവരും കാട്ടിൽ വഴിയറിയാതെ അകപ്പെട്ടത് തിരിച്ചറിഞ്ഞ വനം വകുപ്പ് ജീവനക്കാർ രക്ഷാപ്രവർത്തനത്തിനായി വിവിധ വകുപ്പുകളുടെ സഹായം തേടുകയായിരുന്നു.
മണിക്കൂറുകൾ കാട്ടിൽ കഴിഞ്ഞ ഇരുവരും ഏറെ ഭയപ്പെട്ടിരുന്നതിനാൽ ക്ഷീണിതരായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തകർ കരുതലോടെയാണ് ഇരുവരെയും കൂട്ടി കൊണ്ടു വന്നത്. ഇരുവർക്കുമെതിരെ അനധികൃതമായി വനത്തിൽ പ്രവേശിച്ചതിന് വനം വകുപ്പും ലോക് ഡൗൺ ലംഘിച്ചതിന് താമരശ്ശേരി പൊലീസും കേസെടുക്കും.