സുരക്ഷ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയ, യുഎസ്എ എന്നിവിടങ്ങളിലെ സ്ഥാനപതിമാരെ ഫ്രാന്‍സ് തിരിച്ചുവിളിച്ചു. അപൂര്‍വ്വമായ നടപടിയാണ് ഇതെന്നും, എന്നാല്‍ അപൂര്‍വ്വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഫ്രാന്‍സിന്റെ നടപടി പ്രഖ്യാപിച്ച് പറഞ്ഞു.
ഓസ്ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാനുള്ള പുതുതായി രൂപീകരിച്ച ഓസ്ട്രേലിയ-യുകെ-യുഎസ് സഖ്യത്തിന്റെ (ഓക്കസ്) തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സ് തീരുമാനം.
ഇന്ത്യ-പസഫിക്ക് മേഖലയില്‍ ചൈനീസ് വളര്‍ച്ച മുന്നില്‍ കണ്ടാണ് ഓസ്ട്രേലിയ-യുഎസ്-യുകെ സഖ്യം രൂപീകരിച്ചത്. സെപ്തംബര്‍ 15-ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്സണ്, യുഎസ് പ്രസിഡന്റ് ജോ ബൈഡന് എന്നിവര്‍ നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഈ സഖ്യം പ്രഖ്യാപിച്ചത്.
മേഖലയില്‍ ഓസ്ട്രേലിയന്‍ നാവികശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ യുഎസും, യുകെയും സമ്മതിച്ചത്. എന്നാല്‍ ഈ സാങ്കേതിക കൈമാറ്റം ഫ്രാന്‍സുമായി ഓസ്ട്രേലിയ ഉണ്ടാക്കിയ ശതകോടികളുടെ ആയുധ കരാറുകളെ ബാധിക്കും എന്നതിനാലാണ് ഫ്രാന്‍സ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പുതിയ സഖ്യത്തെക്കുറിച്ച് മുന്‍കൂട്ടി ഫ്രാന്‍സിനെ അറിയിക്കാത്തതിലും ഫ്രാന്‍സിന് പ്രതിഷേധമുണ്ട്. പിന്നില്‍ നിന്ന് കുത്തുന്നതിന് സമാനം എന്നാണ് ഓക്കസ് സഖ്യത്തെ ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ വീസ് ലീ ഡ്രിയന്‍ വിശേഷിപ്പിച്ചത്.