ഇന്ധന വിലയിൽ വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോൾ വില 103.5 രൂപയിലേക്ക് എത്തി. 96.4 രൂപ ആണ് തലസ്ഥാനത്തെ ഡീസൽ വില. കൊച്ചിയിൽ 101.76 ആണ് പെട്രോൾ വില. 94.82 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന്. കോഴിക്കോട് 101.97ലേക്കാണ് പെട്രോൾ വില എത്തിയത്. ഇവിടെ ഡീസൽ വില 95.10 രൂപയുമാണ്. രാജ്യത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന നിരക്കുള്ളത് രാജസ്ഥാനിലെ ഗംഗാനഗറിലാണ്. അവിടെ പെട്രോളിന്റെ വില ലിറ്ററിന് 112.86 രൂപയാണ്. മുംബൈയിൽ പെട്രോൾ വില 107.54 രൂപയാണ്. ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിൽ എല്ലാം തന്നെ പെട്രോൾ വില 100 രൂപ പിന്നീട്ട് കഴിഞ്ഞിരുന്നു. ഇവിടെയെല്ലാം തന്നെ ഡീസൽ വിലയും നൂറ് രൂപയോട് അടുത്ത് കൊണ്ടിരിക്കുകയാണ്.
ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 102.23 രൂപയും ബാംഗ്ലൂരിൽ 101.94 രൂപയുമാണ്. അടുത്തിടെയായി ക്രൂഡ് ഓയിൽ വില അന്തരാഷ്ട്ര വിപണിയിൽ കുറയുമ്പോഴും രാജ്യത്ത് മാത്രം ഇന്ധന വില ഉയർന്ന് കൊണ്ടെ ഇരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ക്രൂഡ് ഒയിലന്റെ വിലയ്ക്ക് രണ്ട് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് വ്യത്യസമായി രേഖപെടുത്തുന്നു.