മദ്ധ്യപ്രദേശിലെ ഹർദയില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഹർദയില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രധാനമന്ത്രി ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘ മദ്ധ്യപ്രദേശിലെ ഹർദയില്‍ പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവർക്കും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നല്‍കും’. എക്‌സില്‍ കുറിച്ചു.
സ്‌ഫോടനത്തില്‍ ജീവൻ നഷ്ടമായവരുടെ കുടുംമ്ബങ്ങള്‍ക്ക് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ 60 ഓളം പേർക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ ആംബുലൻസുകളുടേയും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹായം തേടിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത പ്രതികരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
ഇന്ന് രാവിലെ 11. 30 ഓടെയാണ് മദ്ധ്യപ്രദേശിലെ പടക്കനിർമ്മാണ ഫാക്ടറിയില്‍ വൻ സ്‌ഫോടനം നടന്നത്. ആറുപേർ തല്‍ക്ഷണം മരിക്കുകയും 60 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി തവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഹർദയിലാണ് അപകടമുണ്ടായത്. ഇതിന്റെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വലിയ തോതില്‍ പുക ഉയർന്നിട്ടുണ്ട്.