ആശിച്ചു വാങ്ങിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാന്‍ മുറ്റത്തേക്കിറക്കി; ഹാന്‍ഡില്‍ വയറിലിടിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

August 14, 2021
235
Views

കോഴിക്കോട്: സൈക്കിള്‍ അപകടത്തില്‍ വൃന്ദയുടെ അപ്രതീക്ഷിത മരണത്തില്‍ വിറങ്ങലിച്ചു ബന്ധുക്കളും കൂട്ടുകാരും. അപകടമുണ്ടായി പുറമേക്കു കാര്യമായ പരുക്കൊന്നുമില്ലാതിരുന്ന വൃന്ദയുടെ മരണം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും ഇവര്‍ക്കായിട്ടില്ല. കണ്‍മുന്നിലുണ്ടായ അപകടത്തില്‍ കൂട്ടുകാരിയെ നഷ്ടപ്പെട്ട വേദനയിലാണ് വൃന്ദയുടെ കൂട്ടുകാരും. തലേ ദിവസം വാങ്ങിയ സൈക്കിള്‍ രാത്രി മുഴുവന്‍ കാത്തിരുന്ന ശേഷം രാവിലെ ഫ്‌ലാറ്റിലെ കൂട്ടുകാരെ കാണിക്കാനായി മുറ്റത്തേക്കിറക്കിയതായിരുന്നു. റോഡിലേക്ക് ഇറങ്ങുന്നതിനിടെ ചെറിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ചു. ഹാന്‍ഡില്‍ വയറില്‍ ഇടിച്ചതിനെ തുടര്‍ന്നു വയറിനു ചെറുതായി പോറലേറ്റിരുന്നു. വൈകിട്ടു ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ പരുക്ക് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്. മറ്റൊരു ആശുപത്രിയില്‍ എത്തിച്ചു നടത്തിയ വിശദ പരിശോധനയിലാണ് ചെറുകുടലിനു പരുക്ക് കണ്ടെത്തിയത്. പരുക്കേറ്റ ഭാഗം ശസ്ത്രക്രിയ നടത്തി സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അപ്രതീക്ഷത മരണം. പഠനത്തില്‍ മിടുക്കിയായ വൃന്ദ മികച്ച നര്‍ത്തകിയും ആയിരുന്നുവെന്ന് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ ഓര്‍ക്കുന്നു. എന്‍സിസി കെഡറ്റ് ആയ വൃന്ദയുടെ മൃതദേഹം ഇന്നലെ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എന്‍സിസി കെഡറ്റുകള്‍ എത്തിയിരുന്നു.

കുട്ടികള്‍ക്ക് ആന്തരികമായുണ്ടാകുന്ന ക്ഷതങ്ങള്‍ ചിലപ്പോള്‍ പെട്ടെന്നു കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. ആന്തരിക രക്തസ്രാവം ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ പ്രയാസമാണ്. അപകടത്തിനു ശേഷം കുട്ടികള്‍ക്ക് ശക്തമായ വയറു വേദന,വയര്‍ വീര്‍ക്കല്‍, ക്ഷീണം, തളര്‍ച്ച എന്നിവയുണ്ടോ എന്നു നിരീക്ഷിക്കണം. തലയ്ക്കാണു ക്ഷതമേല്‍ക്കുന്നതെങ്കില്‍ ശക്തിയായ തലവേദന, ഛര്‍ദി എന്നിവ ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങളാകാം -ഡോ. മോഹന്‍ദാസ് നായര്‍(ശിശുരോഗ വിദഗ്ധന്‍)

കുട്ടികളുടെ ശരീരവലുപ്പത്തിനു ചേരുന്ന സൈക്കിളുകള്‍ വാങ്ങിനല്‍കുക എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഹെല്‍മറ്റ് നിര്‍ബന്ധമായി ധരിക്കണം. ചെറിയകുട്ടികളുടെ സൈക്കിളുകള്‍ക്കു സപ്പോര്‍ട്ട് വീല്‍ ഘടിപ്പിച്ചുകൊടുക്കണം. സൈക്കിള്‍ വാങ്ങിയ ശേഷം ചെയ്യേണ്ട ‘ബൈക്ക് ഫിറ്റ് ‘ എന്നൊരു പ്രക്രിയ ഉണ്ട്. ഗൂഗിളില്‍ തിരഞ്ഞാല്‍ അതു മനസ്സിലാക്കാം. സീറ്റിന്റെ ഉയരത്തിനനുസരിച്ച് പെഡലും ഹാന്‍ഡിലുമൊക്കെ ക്രമീകരിക്കുന്ന പ്രവൃത്തിയാണത്. ഇടയ്ക്കിടെ ബ്രേക്ക്, ടയറിലെ എയര്‍പ്രഷര്‍ തുടങ്ങിയവ നിര്‍ബന്ധമായും പരിശോധിക്കണം.” -സാഹിര്‍ അബ്ദുല്‍ ജബ്ബാര്‍ (ബൈസിക്കിള്‍ മേയര്‍, കോഴിക്കോട്)

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *