കൊച്ചി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിക്കെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാക്‌സിന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.
തൊഴിലാളികള്‍ക്കു രണ്ടാം ഡോസ് നല്‍കാന്‍ അനുമതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിന്മേലുള്ള വാദത്തിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
ഫലപ്രാപ്തിയാണോ അതോ ലഭ്യതയാണോ ഈ ഇടവേള നിശ്ചയിച്ചതിനു മാനദണ്ഡമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
കമ്ബനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്‌സ് കോടതിയെ സമീപിച്ചത്.