പനാജി: ഒരു ഗുജറാത്തുകാരന് രാജ്യം ചുറ്റാമെങ്കിൽ എന്തുകൊണ്ട് ഒരു ബംഗാളിക്ക് ആയിക്കൂടാ എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത് പറയാതെയാണ് മമതയുടെ വാക്കുകൾ. ഗോവയിലെ അസ്സൊനോരയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. ഒരു ഗുജറാത്തിക്ക് രാജ്യം മുഴുവൻ സഞ്ചരിക്കാം, എന്തുകൊണ്ട് ബംഗാളിക്ക് ആയിക്കൂടാ – മമത ചോദിച്ചു.
ഞാൻ പറഞ്ഞു ഞാൻ ബംഗാളിയാണ്. എങ്കിൽ അദ്ദേഹം ആരാണ് ? അദ്ദേഹം ഗുജറാത്തിയാണെന്ന് നമ്മൾ പറഞ്ഞോ, അതുകൊണ്ട് ഇവിടെ വരാൻ പാടില്ലെന്ന് അദ്ദേഹത്തോടു പറയുമോ? ഒരു ബംഗാളിക്ക് ദേശീയ ഗാനം എഴുതാം, ഒരു ബംഗാളിക്ക് ഗോവയിൽ വരാൻ പാടില്ലേ? നമ്മളെല്ലാവരും ഗാന്ധിജിയെ ബഹുമാനിക്കുന്നു. നമ്മളെപ്പോഴെങ്കിലും ഗാന്ധിജി ബംഗാളിയാണോ, ബംഗാളിയല്ലേ, ഗോവനാണോ പഞ്ചാബിയാണോ, യുപിയിൽ നിന്നാണോ എന്ന് ചോദിച്ചിട്ടുണ്ടോ? ഒരു ദേശീയ നേതാവ് എന്നാൽ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചു കൊണ്ടുപോകുന്ന ആളാണ്. – മമത ഗോവയിൽ പറഞ്ഞു.
തന്റെ പാർട്ടി ഗോവൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ മറ്റ് പാർട്ടിക്കാർ ചോദ്യം ചെയ്യുന്നു. ടചിഎംസി ഗോവയിലെത്തിയത് ഇവിടുത്തെ നേതാക്കളെ നിയന്ത്രിക്കാനല്ല, പിന്തുണയ്ക്കാനാണ്. അവർ ദേശീയ നേതാക്കളാകുമോ? അവർ ഗുജറാത്തിൽ നിന്നാണ് ഗോവ ഭരിക്കുന്നത്. ഗോവ ഗുജറാത്തിൽ നിന്നോ ഡെൽഹിയിൽ നിന്നോ നയിക്കേണ്ടതല്ല. ഗോവയിലെ ജനങ്ങൾ ഗോവയെ നിയന്ത്രിക്കുമെന്നും മമത പറഞ്ഞു.
കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്താണ് മമതാ ബാനർജി പുതിയ രാഷ്ട്രീയ നീക്കത്തിന് ഗോവയിലിറങ്ങുന്നത്. ബിജെപിക്ക് പകരമാകാൻ മറ്റൊരു മുന്നണിയാണ് മമത മുന്നോട്ട് വയ്ക്കുന്നത്. കോൺഗ്രസിനെ പൂർണ്ണമായും തള്ളി സ്ത്രീ വോട്ടുകൾ കൂടുതലായും നേടുകയാണ് മമതയുടെ ഗോവയിലുടനീളമുള്ള റാലികളുടെ ലക്ഷ്യം. അതേസമയം പ്രിയങ്ക ഗാന്ധിയെ ഇറക്കിയാണ് ഗോവയിൽ കോൺഗ്രസിന്റെ പ്രതിരോധം.