ഹരിയാന കത്തുന്നു ; മസ്ജിദിന് തീയിട്ടു , ഇമാമിനെ വെടിവച്ചുകൊന്നു

August 2, 2023
21
Views

ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും സംഘപരിവാര് സംഘടനകള് വഴിമരുന്നിട്ട വര്‍ഗീയസംഘര്‍ഷം പടരുന്നു.

ന്യൂഡല്‍ഹി ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും സംഘപരിവാര് സംഘടനകള് വഴിമരുന്നിട്ട വര്‍ഗീയസംഘര്‍ഷം പടരുന്നു.

ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമില്‍ തിങ്കളാഴ്ച രാത്രി അക്രമികള്‍ പള്ളി കത്തിച്ചു. പള്ളി ഇമാം വെടിയേറ്റ് മരിച്ചു. രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മരിച്ചവരില്‍ രണ്ട് ഹോംഗാര്‍ഡും ഉള്‍പ്പെടും. അക്രമസംഭവങ്ങളില്‍ നിരവധി പൊലീസുകാരടക്കം നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും.

നൂഹിലെ സംഘര്‍ഷം ഗുരുഗ്രാം, ഫരീദാബാദ്, പല്‍വല്‍ തുടങ്ങി സമീപജില്ലകളിലേക്കാണ് പടര്‍ന്നത്. ഡല്‍ഹിയില്‍നിന്ന് 45 കി.മീ മാത്രം മാറി ഗുഡ്ഗാവിലെ ബാദ്ഷാപ്പുരില്‍ ചൊവ്വ പകല്‍ നാലിന് ഇരുനൂറോളം വരുന്ന അക്രമിസംഘം ആയുധങ്ങളുമായി ഇരച്ചുകയറി ആക്രമണം നടത്തി. ഒരു ഭക്ഷണശാലയ്ക്ക് തീയിട്ടു. ഇറച്ചിക്കടകള്‍ അടക്കം നിരവധി കടകമ്ബോളങ്ങള്‍ തകര്‍ത്തു. പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ സംഘം മണിക്കൂറുകളോളം പൊലീസിനെയടക്കം വെല്ലുവിളിച്ച്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ഗുഡ്ഗാവ് സെക്ടര്‍ 57ലെ അൻജുമാൻ ജുമാമസ്ജിദിനാണ് തിങ്കളാഴ്ച രാത്രി അക്രമികള്‍ തീയിട്ടത്. പള്ളിയിലേക്ക് അക്രമികള്‍ നടത്തിയ വെടിവയ്പിലാണ് ഇമാം കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്കുകൂടി പരിക്കുണ്ട്. പട്ടൗഡി, സോന, മനേസര്‍ തുടങ്ങിയ സമീപപ്രദേശങ്ങളിലും സംഘര്‍ഷസ്ഥിതി തുടരുകയാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 44 കേസ് എടുത്തതായി ഹരിയാന പൊലീസ് അറിയിച്ചു. എഴുപതിലേറെ പേരെ അറസ്റ്റ് ചെയ്തു. നൂഹ് അടക്കം നാല് ജില്ലയില്‍ ഇന്റര്‍നെറ്റ് വിലക്കി. സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.

സംഘപരിവാര്‍ സംഘടനകളായ ബജ്റംഗദളും വിഎച്ച്‌പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് ഹരിയാനയിലെ നാല് ജില്ലയെ കലാപത്തിലേക്ക് തള്ളിവിട്ടത്. യാത്രയില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ ക്ഷേത്രത്തില്‍ ബന്ദികളാക്കപ്പെട്ടുവെന്ന സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന കൂടുതല്‍ മേഖലകളിലേക്ക് കലാപം പടര്‍ത്തി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *