തിങ്കളാഴ്ച കേരളത്തില്‍ ഹെപ്പറ്റൈറ്റിസ് എ മറ്റൊരു ജീവൻ അപഹരിച്ചു. വേങ്ങൂർ സ്വദേശി കാർത്ത്യായനിയാണ് മരിച്ചത്.
അവർക്ക് വയസ്സ് 51 ആയിരുന്നു. ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ച കാർത്ത്യായനിയെ ആദ്യം പെരുമ്ബാവൂർ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ചത്. വേങ്ങൂരില്‍ മാത്രം ഇതുവരെ മൂന്ന് പേരാണ് ഇതേ രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 227 പേരാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ചികിത്സയിലുള്ളത്.
വെസ്റ്റ് നൈല്‍ പനി ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അതേസമയം, മുണ്ടൂരില്‍ മരിച്ച 67കാരന് വെസ്റ്റ് നൈല്‍ പനി ബാധിച്ചിട്ടില്ലെന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തി. നേരത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അപകടകരമായ വെസ്റ്റ് നൈല്‍ പനി മൂലമാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.
ആശങ്ക കണക്കിലെടുത്ത് വേങ്ങൂരില്‍ ഹെപ്പറ്റൈറ്റിസ് എ പടർന്നുപിടിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടർ എൻഎസ്‌കെ ഉമേഷ് ഉത്തരവിട്ടു. മൂവാറ്റുപുഴ ആർഡിഒയും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായ ഷൈജു പി ജേക്കബിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.