സിപിഎം അല്ല ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്‌എസ് എന്ന വെളിപ്പെടുത്തല്‍; സിബിഐ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

July 7, 2021
114
Views

കൊച്ചി: കണ്ണൂരില്‍ തലശേരിയില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഫസല്‍ വധക്കേസില്‍ സിബിഐയോട് തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മല്ല ആര്‍.എസ്.എസാണെന്ന് കൂത്തുപറമ്ബില്‍ മോഹനന്‍ വധക്കേസില്‍ പിടിയിലായ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സുബീഷ് കുറ്റസമ്മതം നടത്തിയിരുന്നു. തുടര്‍ന്ന് ഫസലിന്റെ സഹോദരന്‍ അബ്‌ദുള്‍ സത്താര്‍ ഈ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജിയിലെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

സിപിഎം കണ്ണൂ‌ര്‍ ജില്ലാ നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരടക്കം പ്രതികളായ കേസായിരുന്നു ഫസല്‍ വധക്കേസ്. 2006 ഒക്‌ടോബറില്‍ 22ന് തലശേരി സെയ്‌ദാര്‍ പള‌ളിയില്‍ വച്ചാണ് പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎയില്‍ ചേര്‍ന്നതിന്റെ പ്രതികാരമായാണ് വധിച്ചത് എന്നായിരുന്നു സിപിഎമ്മിനെതിരെ കേസില്‍ ആരോപണം ഉയര്‍ന്നത്.

എന്നാല്‍ കേസില്‍ തുടക്കം മുതല്‍ സിപിഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കാരായി രാജന്‍, ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പടെ എട്ടുപേരായിരുന്നു പ്രതിപട്ടികയില്‍. ഇവരെ സിബിഐ അറസ്‌റ്റ് ചെയ്യുകയും ഉണ്ടായി. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി. എന്നാല്‍ പിന്നീട് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബിനീഷ് നല്‍കുന്ന മൊഴിയനുസരിച്ച്‌ ഇയാളുള്‍പ്പടെ നാലുപേരാണ് ഫസലിനെ വധിച്ചത്.

Article Categories:
Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *