വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം പൊറുക്കും -ഹൈക്കോടതി

July 24, 2021
158
Views

കൊച്ചി: ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാത ‌വികസനത്തിന്‍റെ അലൈന്‍മെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. കൊല്ലം ഉമയനെല്ലൂരിലെ ദേശീയപാത അലൈന്‍മെന്‍റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്ബിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായ് കാവല്‍വിളക്കായ് കരളിലിരിക്കുന്നു’ എന്ന ശ്രീകുമാരന്‍ തന്പിയുടെ പാട്ടില്‍നിന്നുള്ള ഭാഗങ്ങള്‍ വിധിന്യായത്തില്‍ ഉള്‍പ്പെടുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും. ഈ ഉത്തരവിട്ട ജഡ്ജിയെയും പരാതി നല്‍കിയ ഹര്‍ജിക്കാരനെയും നടപ്പാക്കിയ സര്‍ക്കാരിനെയും ദൈവം സംരക്ഷിച്ചുകൊള്ളുമെന്നും ഉത്തരവില്‍ പറയുന്നു.

അനാവശ്യവും നിസാരവുമായ കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പില്‍ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.കൊല്ലം ഉമയനെല്ലൂര്‍ സ്വദേശികളായ ബാലകൃഷ്ണപിള്ള, എം. ലളിതകുമാരി, എം. ശ്രീലത തുടങ്ങിയവരാണ് ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ കോടതിയെ സമീപിച്ചത്.നിലവിലെ അലൈന്‍മെന്റ് പ്രകാരം ഭൂമിയേറ്റെടുത്താല്‍ രണ്ടുപള്ളികളും രണ്ടുക്ഷേത്രങ്ങളുമടക്കം നഷ്ടമാകുമെന്ന ആരോപണമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.വളവ്, പള്ളി, ക്ഷേത്രം, സ്കൂള്‍ എന്നിവയുടെ പേരില്‍ ഇടപെട്ടാല്‍ ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകില്ലെന്നു കോടതി അഭിപ്രായപ്പെട്ടു.

ആവശ്യത്തിന് വീതിയുള്ള നേര്‍രേഖയിലുള്ള ദേശീയപാത അനിവാര്യമാണ്. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ചെറിയ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ അവഗണിക്കണം. 2013-ലെ ഭൂമിയേറ്റെടുക്കല്‍ നഷ്ടപരിഹാരനിയമം അടക്കമുള്ളവ ഭൂമിനഷ്ടപ്പെടുന്നവരുടെ അവകാശങ്ങള്‍ ഒരുപരിധിവരെ സംരക്ഷിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.

സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം മറികടന്നാണ് ദേശീയപാതാ അതോറിറ്റി ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് ദേശീയപാതാ അതോറിറ്റിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത് കോടതി എടുത്തുപറഞ്ഞു.

Article Tags:
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *