വയനാട്: ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തി ഭർത്താവ്. അമ്പലവയലിലാണ് സംഭവം. പൊള്ളലേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യയെയും മകളെയും ആക്രമിച്ച ശേഷം ഭർത്താവ് സനൽ രക്ഷപ്പെട്ടു. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു ഇയാൾ. അമ്പവയൽ ഫാൻറം റോക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നിജതയും 12 വയസുകാരിയായ മകൾ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.
ഭർത്താവിൻറെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുൻപാണ് നിജിതയും മകളും അമ്പലവയലിൽ എത്തിയത്. വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ സനൽ രക്ഷപ്പെട്ടു.നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സനൽ എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഇയാൾ രക്ഷപ്പെടുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. പ്രതിക്കായി വ്യാപക തിരച്ചിൽ തുടങ്ങിയതായി അമ്പലവയൽ പോലീസ് അറിയിച്ചു. മുഖത്ത് പൊള്ളലേറ്റ അമ്മയും മകളും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.