ന്യൂഡെൽഹി: അതിർത്തി തർക്കത്തിൽ ഉഭയകക്ഷി ധാരണകളെ മാനിക്കാൻ ചൈന തയ്യാറാകാത്തത് ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വരുത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു. റഷ്യയുടെ വിദേശകാര്യമന്ത്രി സെജി ലാവ്റോവുമായി കൂടികാഴ്ചയ്ക്ക് മോസ്കോയിൽ എത്തിയതാണ് ജയ്‌ശങ്കർ. ഇന്ത്യയും ചൈനയുമായി ദീർഘനാളായി നിലനിൽക്കുന്ന അതിർത്തി തർക്കത്തെ കുറിച്ച് റഷ്യയിലെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.
ഉഭയകക്ഷി കരാറിലുള്ള വ്യവസ്ഥകൾ പോലും പാലിക്കാൻ ചൈനയ്ക്ക് സാധിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം. കരാർ ഒപ്പിട്ട് 45 വർഷങ്ങൾക്കു ശേഷം ചൈനയുമായി അതിർത്തി തർക്കം രൂക്ഷമായിരിക്കുകയാണ്. അതിർത്തിയിൽ സമാധാനം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദമാണ്. എന്നാൽ ആ സൗഹൃദത്തിന്റെ അടിത്തറതന്നെ ഇളകിയാൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.