വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിൽ പരുക്കേറ്റ ഇന്ത്യൻ പേസർ ദീപക് ചഹാറിന് ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. തുടയ്ക്ക് പരുക്കേറ്റ ചഹാറിന് 6 ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ശ്രീലങ്കൻ പരമ്പരയ്ക്കൊപ്പം ഐപിഎലിലെ ആദ്യത്തെ ഏതാനും മത്സരങ്ങൾ കൂടി ചഹാറിനു നഷ്ടമാവും.
17 റൺസിനാണ് ഇന്ത്യ മൂന്നാം ടി-20യിൽ ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 185 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 167 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. 61 റൺസെടുത്ത് പുറത്തായ നിക്കോളാസ് പൂരാൻ ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഹർഷൽ പട്ടേൽ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ ടി-20 പരമ്പര 3-0നു തൂത്തുവാരി. ഇതോടെ ടി-20 റാങ്കിംഗിൽ ഇന്ത്യ ഒന്നാമതെത്തി.
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചിരുന്നു. ഫോമിലല്ലാത്ത വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനയെയും ചേതേശ്വര്‍ പൂജാരയെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പരുക്കേറ്റ കെഎല്‍ രാഹുല്‍ രണ്ടു ടീമിലുമില്ല. ടെസ്റ്റ് ടീമില്‍ പുതുമുഖമായ സൗരഭ് കുമാര്‍ ഇടംപിടിച്ചു. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
മുന്‍ നായകന്‍ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് എന്നിവര്‍ക്ക് ടി-20 പരമ്പരയില്‍നിന്ന് വിശ്രമം അനുവദിച്ചു. പരുക്കേറ്റ് പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജ ടി-20 ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ് രണ്ട് ടീമുകളിലും ഇടംപിടിച്ചു.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി 24നാണ് ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി-20 പരമ്പരയ്ക്ക് പിന്നാലെ രണ്ടു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും.
ഫെബ്രുവരി 24ന് ലക്‌നൗവിലാണ് ടി-20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടും മൂന്നും മത്സരങ്ങള്‍ ഫെബ്രുവരി 26, 27 തീയതികളിലായി ധരംശാലയിലും അരങ്ങേറും. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് നാലു മുതല്‍ എട്ടു വരെ മൊഹാലിയിലാണ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് 12 മുതല്‍ 16 വരെ ബംഗളൂരുവിലും നടക്കും.