‘ഇൻസ്പിറേഷൻ 4’: മൂന്ന് സാധാരണക്കാരുമായി സ്പേസ് എക്സ് ദൗത്യം സെപ്റ്റംബർ 15-ന്

September 6, 2021
309
Views

സാൻഫ്രാൻസിസ്കോ: സാധാരണക്കാരെയും വഹിച്ചുകൊണ്ട്
സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ വാഹനം സെപ്റ്റംബർ 15-ന് ബഹിരാകാശത്തേക്ക് പറക്കും. ‘ഇൻസ്പിറേഷൻ 4’ എന്നു പേരിട്ട ദൗത്യത്തിലാണ് ടെക് സംരംഭകനും പൈലറ്റുമായ ജാരെഡ് ഐസാക്‌മാനൊപ്പം (ഷിഫ്റ്റ് 4 പേമെന്റ്സ് സ്ഥാപകനും സി.ഇ.ഒ.യും) മൂന്നു സാധാരണക്കാരും പങ്കാളികളാകുന്നത്. ശതകോടീശ്വരൻ എലോൺ മസ്കിൻറെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സാധാരണക്കാർക്കുവേണ്ടി നടത്തുന്ന ആദ്യദൗത്യംകൂടിയാണിത്.

സെയിന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിക്കുവേണ്ടിയുള്ള ഫണ്ട് സമാഹരണമാണ് യാത്രയുടെ പ്രധാനലക്ഷ്യം. കുട്ടിക്കാലത്തേ രക്താർബുദം ബാധിച്ച വ്യക്തിയും സെയ്‌ന്റ് ജൂഡിലെ ഡോക്ടറുടെ സഹായിയുമായ ഹാലി ആർസെനോക്സാണ് യാത്രക്കാരിലൊരാൾ. സിയാൻ പ്രോക്ടർ, ക്രിസ് സെബ്രോസ്കി എന്നിവരാണ് മറ്റുള്ളവർ. മൂന്നുപേരുടെയും ചെലവ് വഹിക്കുന്നത് ഐസാക്‌മാനാണ്. ഫ്ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് ദൗത്യസംഘം പുറപ്പെടുക. കൃത്യമായ സമയം പിന്നീട് അറിയിക്കും.

ക്രൂ ഡ്രാഗൺ വാഹനത്തിൽ ഭൂമിയെ വലംവെക്കുന്ന സംഘം മൂന്നുദിവസത്തിനുശേഷം തിരിച്ച് ഫ്ളോറിഡ തീരത്തോടുചേർന്ന് കടലിൽ ലാൻഡ് ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശനിലയം സംഘം സന്ദർശിക്കില്ല. ഇക്കൊല്ലം ഫെബ്രുവരിയിലാണ് ഇൻസ്പിറേഷൻ 4 സ്പേസ് എക്സ് പ്രഖ്യാപിച്ചത്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് സംഘം ട്വിറ്ററിലൂടെ അറിയിച്ചു.

Article Categories:
Latest News · Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *