സിനിമ മേഖലയില്‍ പുതിയൊരു ജോലി കടന്നു കൂടിയിട്ടുണ്ട് ആര്‍ക്കെങ്കിലും അറിയാമോ?? ദീപിക പദുകോണ്‍ നായികയായ ‘ഗെഹരിയാന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ പുതിയ ജോലിയെ കുറിച്ച് ചര്‍ച്ച കൂടുന്നത്. ‘ഇന്റിമേറ്റ് ഡയറക്ടര്‍’ എന്നതാണ് പുതിയ തസ്തികയുടെ പേര്. സിനിമയിലെ പ്രണയ രംഗങ്ങള്‍, കിടപ്പറ രംഗങ്ങള്‍ അല്ലെങ്കില്‍ റേപ്പ് പോലെയുള്ള അതിക്രമങ്ങള്‍ എന്നിവ അഭിനേതാക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദവും പ്രേക്ഷകര്‍ക്കും കൂടുതല്‍ വിശ്വസനീയവുമാകുന്ന വിധത്തില്‍ ചിത്രീയേകരിക്കുക എന്ന ജോലിയാണ് ഇനിമേറ്റ് ഡയറക്ടറിന്റെ ചുമതലയിലുള്ളത്.
സിനിമ ചിത്രീകരണ വേളയില്‍ വളരെ ആഴത്തിലുള്ള പ്രണയ രംഗങ്ങളും, കിടപ്പറ രംഗങ്ങളുമൊക്കെ അഭിനയിക്കുമ്ബോള്‍ നടീ നടന്‍മാര്‍ക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാതെ നോക്കുക എന്നത് ഇന്റിമേറ്റ് ഡയറക്ടേഴ്സിന്റെ പ്രധാന ചുമതല.
പല സമയത്തും സിനിമാ ചിത്രീകരണത്തിന്‍റെ പേരില്‍ നടിമാര്‍ കടുത്ത ലൈംഗികാതിക്രമത്തിന് വിധേയരായി മാറാറുണ്ട്. പൂര്‍ണ്ണ സമ്മതമില്ലാതെ കിടപ്പറ രംഗങ്ങളിലും മറ്റും അഭിനയിക്കേണ്ടി വരുന്ന സമയത്ത് ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങള്‍ അവരെ വലിയ തോതില്‍ ബാധിക്കാറുമുണ്ട്. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന തരത്തിലാണ് സിനിമാ രംഗത്തെ പുതിയ തസ്തിക.
ചൂടന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനാണ് പൊതുവെ ഇന്റിമേറ്റ് ഡയറക്ടറെ ആശ്രയിക്കുക. എന്നാല്‍ ആ രംഗങ്ങള്‍ ഏറ്റവും മനോഹരമായി, വിശ്വസനീയമാംവിധം കൊറിയോഗ്രാഫ് ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് അഭിനേതാക്കളെ മാനസികമായും ശാരീരികമായും തയ്യാറാക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്.
അതിനോടൊപ്പം സീനിനെ കുറിച്ച് തുറന്ന് സംസാരിച്ച് നടീ നടന്‍മാരെ ബോധ്യപ്പെടുത്തുകയും വേണം. ഇത്തരത്തിലുള്ള രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അഭിനേതാക്കളില്‍ നിന്ന് സമ്മതം വാങ്ങേണ്ടതും ഒരു തരത്തിലുമുള്ള അതിക്രമം അഭിനേതാക്കള്‍ നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ഇന്റിമേറ്റ് ഡയറക്ടേഴ്‌സാണ്.