കുരുക്ക് മുറുക്കാന്‍ അന്വേഷണ സംഘം; ദിലീപിനെതിരെ കൊലക്കുറ്റ ഗൂഢാലോചനാ വകുപ്പ് കൂടി ചുമത്തി

January 21, 2022
96
Views

നടന്‍ ദിലീപിനെതിരെ കൊലക്കുറ്റ ഗൂഢാലോചനാ വകുപ്പ് കൂടി ചുമത്തി പൊലീസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പാണ് ഉള്‍പ്പെടുത്തിയത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ണായക നീക്കം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സരാജ്, ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. പ്രോസിക്യൂഷഷന്‍ സമയം നീട്ടി ആവശ്യപ്പെട്ടതിനാല്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍ രംഗത്തുണ്ട്. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്നത് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമാണെന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കാന്‍ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചുവെന്നും ദിലീപിനെ സഹായിക്കാന്‍ ഓരോ ഘട്ടത്തിലും ഇരുപതോളം സാക്ഷികള്‍ കൂറുമാറിയെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

കേസിനെ അസാധാരണം എന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതി മുമ്പാകെ വിശേഷിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കേസ്. 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ലൈംഗിക പീഡനങ്ങള്‍ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കി. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ ഈ മാസം 22നാണ് അനുമതി നല്‍കിയിരിക്കുന്നത്. നിലീഷ, കണ്ണദാസന്‍, ഉഷ, സുരേഷ്, എന്നിവരെ വിസ്തരിക്കാനാണ് അനുമതി നല്‍കിയത്. സത്യമൂര്‍ത്തിയെ ഈ മാസം 25 ന് വിസ്തരിക്കും. വിചാരണ കോടതിയാണ് അനുമതി നല്‍കിയത്. ഇതിനിടെ തുടര്‍ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *