ഷാര്‍ജ: ഐപിഎല്ലിൽ പ്ലേഓഫ് ഉറപ്പിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്നിറങ്ങുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം. സമ്മര്ദ്ധമേതുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തിലാണ് ഹൈദരാബാദ്.
ബാറ്റിങ് നിരയുടെ ആഴമാണ് ചെന്നൈയുടെ കരുത്ത്. ഓള്‍റൗണ്ടര്‍മാരും മികച്ച ഫോമില്‍. നായകന് എം എസ് ധോണി റെയ്നയും
ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും സീസണില്‍ ഏഴ് തവണ ചെന്നൈ സ്കോര്‍ 170 പിന്നിട്ടു. ഡുപ്ലസിയുടെയും റിതുരാജ് ഗെയ്കവാദിന്റേയും ഉഗ്രന്‍ ഫോം കാര്യങ്ങള്‍ എളുപ്പമാക്കുന്നു. കൊല്‍ക്കത്തയ്ക്കെതിരെ കളിക്കാതിരുന്ന ഡ്വെയന്‍ ബ്രാവോ തിരിച്ചെത്തിയാല്‍ സാം കറന് പുറത്തിരിക്കേണ്ടി വരും.
ഹൈദരാബാദിന് ജീവന്മരണ പോരാട്ടമാണ്. ഡേവിഡ് വാര്‍ണറെ മാറ്റി ജേസണ്‍ റോയിയെ ഇറക്കിയ പരീക്ഷണം തുടരും. ഇംഗ്ലീഷ് ഓപ്പണര്‍ മികച്ച ഫോമിലാണ്. ഇനിയൊരു തോല്‍വി കൂടി താങ്ങാനാവില്ലെന്ന സമ്മര്‍ദ്ദം ഹൈദരാബാദിനുണ്ട്. അപരാജിത അര്‍ധസെഞ്ചുറിയോടെ കഴിഞ്ഞ മത്സരത്തില്‍ ടീമിനെ ജയിപ്പിച്ച നായകന് കെയ്ന്‍ വില്യംസണിന്റെ പ്രകടനവും നിര്‍ണായകം.
കരുത്തരായ ചെന്നൈയെ വിലകുറച്ചുകാണുന്നില്ലെങ്കിലും നായകന് വില്യംസണ് ജയപ്രതീക്ഷയിലാണ്.