ഗാസ യുദ്ധം പശ്ചിമേഷ്യയില്‍ ആളിപ്പടരുമെന്ന ആശങ്ക ശക്തമാക്കി
ടെല്‍ അവീവ് :ഗാസ യുദ്ധം പശ്ചിമേഷ്യയില്‍ ആളിപ്പടരുമെന്ന ആശങ്ക ശക്തമാക്കി, ഇസ്രയേല്‍ ഇന്നലെ സിറിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഓഫീസര്‍മാരുള്‍പ്പെടെ 11 സിറിയൻ സൈനികര്‍ കൊല്ലപ്പെട്ടു.
7 പേര്‍ക്ക് പരിക്കേറ്റു.
സിറിയൻ കരസേനയുടെ ഇൻഫൻട്രി യൂണിറ്റിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ തെക്ക് പടിഞ്ഞാറൻ സിറിയയിലെ സൈനിക കേന്ദ്രങ്ങളും അലെപ്പോ വിമാനത്താവളവുമാണ് ആക്രമിച്ചത്. സിറിയയുടെ ആയുധ ഡിപ്പോയും വ്യോമപ്രതിരോധ റഡാറും തകര്‍ന്നു.
സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് രണ്ട് മിസൈലുകള്‍ പ്രയോഗിച്ചതിന് തിരിച്ചടിയാണിത്.
തെക്കൻ സിറിയയിലെ പാലസ്‌തീൻ ഗ്രൂപ്പുകള്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.
കിഴക്കൻ സിറിയയിലെ അല്‍ ഒമര്‍ എണ്ണപ്പാടത്തിലെ യു.എസ് സൈനിക താവളത്തില്‍ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് യു.എസ് സ്ഥിരീകരിച്ചില്ല.
ലെബനണിലെ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കുകയാണ്. ഹിസ്ബുള്ള തലവൻ സയീദ് ഹസൻ നസ്രുള്ള ഹമാസ്, ഇസ്ലാമിക് ജിഹാദ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
വെസ്റ്റ് ബാങ്കിലെ ഹെബ്രോണില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു.
ഗാസയിലെ ആക്രമണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് യു.എസ് ആണെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ആരോപിച്ചു. ഇറാനോ അനുകൂല ഗ്രൂപ്പുകളോ അമേരിക്കക്കാരെ ആക്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. സംഘര്‍ഷം ഉടൻ അവസാനിപ്പിച്ചില്ലെങ്കില്‍ പശ്ചിമേഷ്യയിലേക്ക് ആളിപ്പടരുമെന്ന് ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കി.
അതേസമയം, ഇന്ധനം തീരുന്നതിനാല്‍ ഗാസയിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗം ഒഴികെയുള്ളവയും യു. എൻ അഭയാര്‍ത്ഥി ഏജൻസിയും ഇന്ന് പ്രവര്‍ത്തനം നിറുത്തിയേക്കും.ഗാസയില്‍ ദുരിതാശ്വാസം അപര്യാപ്തമാണ്. ദിവസം നൂറ് ട്രക്കുകളെങ്കിലും എത്തണമെന്ന് യു. എൻ അറിയിച്ചു. ഒരു ലക്ഷത്തിലേറെ പേര്‍ കഴിയുന്ന ജബാലിയ അഭയാര്‍ത്ഥി ക്യാമ്ബില്‍ പട്ടിണിയാണ്.
കടലിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഹമാസ് ഡൈവര്‍മാരെ ഇസ്രയേല്‍ വധിച്ചു.
മരിച്ചവരില്‍ ഏറെയും കുട്ടികള്‍
ഗാസയിലെ മരണം 6,500 കടന്നു. 2,700 ലേറെ കുട്ടികളാണ്. 24 മണിക്കൂറിനിടെ 344 കുട്ടികളടക്കം 756 പേര്‍ കൊല്ലപ്പെട്ടു.
ടണല്‍ മുക്കും !
കരയാക്രമണത്തിന് മുമ്ബ് ഗാസയിലെ ഹമാസ് ടണലുകളില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ ഇസ്രയേല്‍ പദ്ധതിയിടുന്നെന്നും ടണലുകളിലെ ബന്ദികളെ പോലും അവര്‍ ത്യജിക്കുമെന്നും പുലിറ്റ്സര്‍ ജേതാവായ യു.എസ് മാദ്ധ്യമ പ്രവര്‍ത്തകൻ സെയ്‌മൂര്‍ ഹെര്‍ഷ് പറഞ്ഞു.
വിസ നിഷേധിച്ചു
ഗാസയില്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന യു.എൻ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറെസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യു.എൻ ഉദ്യോഗസ്ഥര്‍ക്ക് വിസ നിറുത്തി ഇസ്രയേല്