കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഐഎസ് ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം 13 ആയി. പതിനഞ്ച് അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം, സ്‌ഫോടനം നടത്തിയവരെ വേട്ടയാടി പിടികൂടുമെന്നും, വെറുതെ വിടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാദൗത്യം നിര്‍ത്തിവയ്ക്കില്ലെന്നും ബൈഡന്‍ അറിയിച്ചു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് വീണ്ടും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്ക.
അതേസമയം കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ തുടര്‍ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി ഉയര്‍ന്നിരിക്കുകയാണ്. 143 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ താലിബാന്‍കാരുമുണ്ടെന്നാണ് വിവരം. ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും.
മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. സ്‌ഫോടനത്തില്‍ ഐക്യരാഷ്ട്ര സഭയും, ഇന്ത്യയുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ അപലപിച്ചു. ഭീകരവാദത്തിനും ഭീകരര്‍ക്ക് താവളം നല്‍കുന്നവര്‍ക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.