മലപ്പുറത്ത് മാധ്യമ പ്രവർത്തകനെ പൊലീസുകാരൻ മർദിച്ചു. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസിനാണ് പൊലീസ് മർദനത്തിൽ പരുക്കേറ്റത്. മാധ്യമം ദിനപത്രം മലപ്പുറം ജില്ലാ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ കൂടിയായ റിയാസിനെ തിരൂർ പുതുപ്പള്ളി കനാൽ പാലം പള്ളിക്ക് സമീപം വെച്ച് തിരൂർ സിഐ ടി പി ഫർഷാദ് ലാത്തി കൊണ്ട് അടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയാണ് വീടിന് തൊട്ടടുത്ത പലചരക്ക് കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാനായി വന്ന റിയാസിനെ യാതൊരു പ്രകോപനവും കൂടാതെയാണ് ടി പി ഫർഷാദ് അടിച്ച് പരുക്കേൽപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കൽ മുഹമ്മദ് അൻവറിനും മർദനമേറ്റു. പരുക്കേറ്റ റിയാസ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയുൾപ്പെടെയുള്ളവർക്ക് കേരള പത്രപ്രവർത്തക യൂണിയനും റിയാസും പരാതി നൽകി.