ഗുരുവായൂരിലെ സ്വകാര്യ ലോഡ്‌ജില്‍ പന്ത്രണ്ടും ഒന്‍പതും വയസുള്ള പെണ്‍കുട്ടികള്‍ മരിച്ചനിലയില്‍
ഗുരുവായൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്‌ജില്‍ പന്ത്രണ്ടും ഒന്‍പതും വയസുള്ള പെണ്‍കുട്ടികള്‍ മരിച്ചനിലയില്‍.
ആത്മഹത്യയ്‌ക്കു ശ്രമിച്ച പിതാവിനെ ലോഡ്‌ജ് മുറിയില്‍ ഗുരുതരാവസ്‌ഥയില്‍ കണ്ടെത്തി.
ഗുരുവായൂര്‍ ചൂല്‍പ്പുറത്തു വാടകയ്‌ക്കു താമസിക്കുന്ന വയനാട് കാട്ടിക്കൊല്ലി സ്വദേശി മുഴങ്ങില്‍ ചന്ദ്രശേഖരന്‍(58) ആണ് ആത്മഹത്യയ്‌ക്കു ശ്രമിച്ചത്. മക്കളായ ശിവനന്ദന(12), ദേവനന്ദന(9) എന്നിവരാണ് മരണമടഞ്ഞത്. ഇരുവരും മമ്മിയൂര്‍ ലിറ്റിര്‍ ഫ്‌ളവര്‍ കോണ്‍വെന്റിലെ വിദ്യാര്‍ഥികളാണ്.
പടിഞ്ഞാറേനടയിലെ ലോഡ്‌ജില്‍ കഴിഞ്ഞ ദിവസം രാത്രി 11നാണ് ഇവര്‍ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ഉച്ചയ്‌ക്കു രണ്ടോടെ ലോഡ്‌ജ് ജീവനക്കാര്‍ വാതിലില്‍ തട്ടി. എന്നിട്ടും പ്രതികരണമുണ്ടായില്ല. അര മണിക്കൂറോളം ശ്രമിച്ചിട്ടും മുറിയില്‍നിന്ന് പ്രതികരണമില്ലാതിരുന്നതിനെത്തുടര്‍ന്നു ലോഡ്‌ജ് അധികൃതര്‍ ടെമ്ബിള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണു ചന്ദ്രശേഖരനെ വിഷം കഴിച്ചശേഷം കൈഞരമ്ബ് മുറിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്‌ഥിതി മോശമായതോടെ അമല ആശുപത്രിയിലേക്കു മാറ്റി. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ദേവനന്ദന ഫാനില്‍ തൂങ്ങിയനിലയിലും ശിവനന്ദന കിടക്കയിയില്‍ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കളെ ഷാള്‍ ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്നാണു പോലീസിന്റെ സംശയം. ആദ്യ ഭാര്യയില്‍ കുട്ടികളില്ലാത്തതിനാല്‍ ചന്ദ്രശേഖരന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ചാവക്കാട് ബ്ലാങ്ങാട് സ്വദേശിയായ ഭാര്യ അജിത 20 ദിവസം മുമ്ബാണ് ഹൃദയാഘാതത്തെത്തുടര്‍ന്നു മരണമടഞ്ഞത്. 10 വര്‍ഷമായി ഇവര്‍ ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലും വാടകയ്‌ക്കു താമസിക്കുകയായിരുന്നു. കാറിലാണ് ലോഡ്‌ജില്‍ മുറിയെടുക്കാനെത്തിയത്. ഈ കാര്‍ ടെമ്ബിള്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു. ടെമ്ബിള്‍ പോലീസ് എസ്.എച്ച്.ഒ: സി. പ്രേമാനന്ദകൃഷ്‌ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു