കാലടി സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവം: 62വിദ്യാർഥികൾ ഗവർണർക്ക് പരാതി നൽകി

July 16, 2021
150
Views

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാർഥികൾ ഗവർണർക്ക് പരാതി നൽകി. 62 വിദ്യാർത്ഥികളാണ് പരാതി നൽകിയത്. സംഭവത്തിൽ സംസ്കൃത സാഹിത്യ വിഭാഗം മേധാവിക്ക് എതിരെ നടപടി എടുക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് സസ്പെന്റ് ചെയ്യപ്പെട്ട അധ്യാപകൻ ഡോ. സംഗമേശൻ വിശദീകരണം നൽകിയിരുന്നു. പരീക്ഷ ചെയർമാനായി നിയോഗിച്ചുള്ള ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സംസ്കൃത സാഹിത്യ വിഭാഗം അധ്യാപകനായ സംഗമേശൻ വിശദീകരണ കുറിപ്പിൽ പറയുന്നത്. പരീക്ഷ ചെയർമാനായി നിയോഗിച്ചുള്ള ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ല. പരീക്ഷ വിഭാഗത്തിൽ നിന്നും ഉത്തരക്കടലാസുകൾ നേരിട്ട് ഏറ്റുവാങ്ങിയിട്ടില്ല. വകുപ്പ് മേധാവിയാണ് നടപടികൾ സ്വീകരിച്ചത്. ഏൽപ്പിച്ച ജോലികൾ കൃത്യമായി നിർവഹിച്ചിട്ടുണ്ട്. മൂന്ന് തവണ മൂല്യനിർണ്ണയം നടത്തിയ പേപ്പർ കെട്ടുകൾ വകുപ്പ് അധ്യക്ഷയെ ഏൽപ്പിച്ചിരുന്നു. സാഹിത്യവിഭാഗത്തിന് പുറത്തേക്ക് ഗ്രേഡ്ഷീറ്റുകളോ പേപ്പർകെട്ടുകളോ കൊണ്ടുപോയിട്ടില്ല. വസ്തുതകൾ ബോധ്യപ്പെടുന്നതിന് ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. ഗ്രേഡ്ഷീറ്റുകളും പേപ്പർ കെട്ടുകളും പരീക്ഷ വിഭാഗത്തിൽ തന്നെ ഉണ്ടാകുമെന്നും എവിടെയാണ് വെച്ചതെന്ന് ജീവനക്കാർക്ക് ഓർമയില്ലാത്തതാകാം. നുണ പരിശോധനയടക്കമുള്ള ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയ്യാറാണെന്നും ഡോ. സംഗമേശൻ വിശദീകരണ കുറിപ്പിൽ പറയുന്നു.

വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സംഗമേശനെ സസ്പെൻഡ് ചെയ്യാൻ വിസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി തീരുമാനിച്ചത്. ഉത്തരപേപ്പർ കൈമാറുന്നത് സംബന്ധിച്ച് ഔദ്യോഗിക രേഖകളില്ലാത്തതും മറ്റൊരു വീഴ്ചയാണ്. സംസ്കൃതം സാഹിത്യം വിഭാഗം മൂന്നാം സെമസ്റ്റർ പരീക്ഷയുടെ 276 ഉത്തരപേപ്പറുകളാണ് കാണാതായത്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു പരീക്ഷ നടന്നത്.

കൊറോണ സാഹചര്യത്തിൽ രണ്ട് തവണകളായുള്ള കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് പകരം ഇക്കുറി അദ്ധ്യാപകരുടെ വീടുകളിലായിരുന്നു ഉത്തര കടലാസുകളുടെ പരിശോധന. കഴിഞ്ഞ ദിവസം മാർക്ക് രേഖപ്പെടുത്താനുള്ള നടപടികളിലേക്ക് കടന്നപ്പോൾ ആണ് പരീക്ഷ പേപ്പർ തന്നെ കാണാതായ സംഭവം അറിയുന്നത്. വിദ്യാർത്ഥികളുടെ പരീക്ഷ ഫലം വൈകുന്നതിലെ പ്രതിസന്ധി മുപ്പതാം തിയതി ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *