കർണാടകയിൽ ഹിജാബ് തർക്കം രൂക്ഷമാകുന്നതിനിടെ ബുർഖ ധരിച്ച വിദ്യാർത്ഥികളെ തടഞ്ഞ സംഭവത്തെ അപലപിച്ച് പാകിസ്താൻ. സംഭവം മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചു. ഇന്ത്യയിൽ നടക്കുന്നത് ഭയാനകമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എച്ച് ഫവാദ് ഹുസൈനും അറിയിച്ചു.
മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥികലെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. മുസ്ലിങ്ങളെ ന്യുനപക്ഷമായി കാണിക്കാനുള്ള ഇന്ത്യൻ ഭരണകൂട പദ്ധതിയുടെ ഭാഗമാണിതെന്ന് ലോകം തിരിച്ചറിയണമെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
അസ്ഥിരമായ നേതൃത്വത്തിൻ കീഴിൽ ഇന്ത്യൻ സമൂഹം അതിവേഗം അധഃപതിക്കുകയാണ്. മറ്റ് പൗരന്മാർക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം ഉള്ളതുപോലെ ഹിജാബ് ധരിക്കുന്നതും വ്യക്തിപരമായ തീരുമാനമാണെന്ന് എച്ച് ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തു. ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ പ്രവേശിപ്പിക്കാത്തതിനെച്ചൊല്ലി കർണാടകയിൽ വലിയ രാഷ്ട്രീയ സംഘർഷം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നു.