ശ്രീനഗർ: തീവ്രവാദത്തെ മഹത്വവത്കരിക്കുന്ന ഉള്ളടക്കമുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ദ കാശ്മീർ വാല എന്ന ഓൺലൈൻ ന്യൂസ് മാഗസിൻ എഡിറ്റർ ഇൻ ചീഫ് ഫഹദ് ഷായെയാണ് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തത്.
‘തീവ്രവാദ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുന്നതും രാജ്യത്തെ നിയമ നിർവഹണ ഏജൻസികളുടെ പ്രതിച്ഛായ തകർക്കുന്നതുമാണ് പോസ്റ്റുകൾ. ചില ഫെയിസ്ബുക്ക് ഉപയോക്താക്കൾ, വാർത്താപോർട്ടലുകളും ദേശവിരുദ്ധമായ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നുണ്ട്. ഇത് ക്രമസമാധാനത്തേയും നിയമപരിപാലനത്തെയും ബാധിക്കുന്നു’ പുൽവാമ പോലീസ് പ്രസ്താവനയിലൂടെ പറഞ്ഞു.
പോലീസ് അറസ്റ്റ് ചെയ്ത ഫഹദ് ഷാ ഇപ്പോൾ റിമാൻഡിലാണ്. അതേസമയം ഫഹദിന്റെ അറസ്റ്റിനെ ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി അപലപിച്ചു.
സത്യത്തിന് വേണ്ടി നിലകൊള്ളുന്നത് ദേശവിരുദ്ധമായി മാറുകയാണ്. ഫഹദിന്റെ പത്രപ്രവർത്തനം സ്വയം സംസാരിക്കുന്നതും ഇന്ത്യൻ സർക്കാരിന് അപ്രാപ്യവുമായ അടിസ്ഥാന യാഥാർഥ്യത്തെ ചിത്രീകരിക്കുന്നതുമാണ്. ഇനി എത്ര ഫഹദുമാരെ നിങ്ങൾ അറസ്റ്റ് ചെയ്യും- ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.