തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തനിക്ക് പ്രത്യേക ഗ്രൂപ്പ് എന്നത് ഭാവനാസൃഷ്ടിയാണെന്ന് കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസാണ് തന്റെ ഗ്രൂപ്പ്. ജനാധിപത്യശൈലിയുളള എതിരഭിപ്രപായങ്ങള് സ്വീകരിക്കും. ഉമ്മന്‍ ചാണ്ടിക്ക് വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും പരസ്പരം കലഹിച്ചു കളയാന്‍ സമയമില്ലെന്നും പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങള്‍ക്ക് സ്വയം ലക്ഷ്മണരേഖ വേണമെന്നും എല്ലാവരുടേയും അഭിപ്രായങ്ങള്‍ കെ. സുധാകരന് വിശ്വാസത്തിലെടുക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ ഉണ്ടായ വിവാദങ്ങളില്‍ എടുത്ത നടപടികളില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കെ.സി. വേണുഗോപാല്‍ പിന്തുണ നല്കുകകയും ചെയ്തു.
കോണ്‍ഗ്രസിന്റെ സംഘടനാ രംഗത്ത് മാറ്റം വരുത്തണമെന്ന് കെ. സുധാകരന് പറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് നിലനില്‍പ്പില്ല. സ്വന്തം നേതാക്കളെ തരംതാഴ്ത്തി കാട്ടാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രമിക്കരുതെന്നും കെ. സുധാകരന് പറഞ്ഞു.
അതേസമയം പരിപാടിയില്‍ നിന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിട്ടുനിന്നു. ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇരുവരും എത്തിയില്ല.