ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ സച്ചാര്‍, പാലോളി കമ്മിറ്റികള്‍ കണ്ടെത്തിയിരുന്നു. അതിനാലാണ് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്.എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്റെ പക്കല്‍ ആധികാരിക രേഖകള്‍ ഇല്ല.
നിലവില്‍ ക്രൈസ്തവര്‍ക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയില്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പിന്നാക്കാവസ്ഥ ഉണ്ടെങ്കില്‍ അതിന് അനുപാതികമായി സ്‌കോളർഷിപ്പ് നല്‍കാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജെ.ബി. കോശി റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്ക് അത് ലഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശിയാണ് കേരളത്തിന്റെ അപ്പീല്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തത്.