മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; മൃതദേഹങ്ങൾ യഥാസമയം മോർച്ചറിയിലേക്ക് മാറ്റാൻ ടാസ്ക് ടീം

September 29, 2021
134
Views

തിരുവനന്തപുരം :- മൃതദേഹം യഥാസമയം മോർച്ചറിയിലേക്ക് മാറ്റുന്നതിൽ കാലതാമസം വരാതിരിക്കാനായി മെഡിക്കൽകോളേജ് ആശുപത്രി സൂപ്രണ്ട് തലത്തിൽ ടാസ്ക് ടീമിനെ നിയോഗിച്ചിട്ടുള്ളതായി മെഡിക്കൽകോളേജ് പ്രിൻസിപ്പൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി..
ടീമിന്റെ ഉത്തരവാദിത്വം നേഴ്സിംഗ് സൂപ്രണ്ടിന് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ടാസ്ക് ടീം കൃത്യമായി ജോലി നിർവഹിക്കുന്നുണ്ടോ എന്ന് നഴ്സിംഗ് സൂപ്രണ്ട് നിരീക്ഷിച്ച ശേഷം എല്ലാ ദിവസവും മെഡിക്കൽകോളേജ് ആശുപത്രി സൂപ്രണ്ടിന് റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് രോഗികൾക്ക് മതിയായ ചികിത്സയും പരിചരണവും നൽകാനുള്ള കർശന നിർദ്ദേശം കോവിഡ് സെല്ലിന്റെ നോഡൽ ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് ബാധിച്ച് മരിച്ച 52 കാരന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയെന്ന ആരോപണത്തിന്റ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റർ ചെയ്ത കേസിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്.
മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടും ഉറപ്പു വരുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *