സംസ്ഥാനത്തുടനീളം ഓണം ഖാദി മേളകള്‍ക്ക് തിരിതെളിഞ്ഞു
സംസ്ഥാനത്തുടനീളം ഓണം ഖാദി മേളകള്‍ക്ക് തിരിതെളിഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും, ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.
മുൻ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാൻ പുത്തൻ മാറ്റങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തവണ പുതുതലമുറ ഖാദി വസ്ത്രങ്ങളാണ് വിപണിയില്‍ ഇടം നേടിയിരിക്കുന്നത്. ഓണം ഖാദി മേളയോട് അനുബന്ധിച്ച് 80 കോടി രൂപയുടെ വിറ്റുവരവാണ് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്.
ഇക്കുറി ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയാണ് റിബേറ്റ് ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. ഓണം ഖാദി മേളയോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. ഖാദി മേളയില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് ടാറ്റ ടിയാഗോ ഇലക്‌ട്രിക് കാറാണ്. രണ്ടാം സമ്മാനമായി ഒല ഇലക്‌ട്രിക് സ്കൂട്ടറും, മൂന്നാം സമ്മാനമായി ഓരോ ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു പവൻ സ്വര്‍ണം വീതവും നല്‍കും.ഖാദി വസ്ത്രങ്ങള്‍ അടിമുടി മാറിയതോടെ വിദേശ വിപണിയിലും ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍, ദുബായ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഖാദി വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൂടാതെ, പുതുതലമുറ ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രചാരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫാഷൻ ഷോ സംഘടിപ്പിക്കാനും ഖാദി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 22ന് എറണാകുളത്ത് വച്ചാണ് ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്.