ഡല്‍ഹിയിലെ അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് ക്യാഷ് ഫോര്‍ കിഡ്നി റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെ അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് ക്യാഷ് ഫോര്‍ കിഡ്നി റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്.
സംഭവത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രാലയം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യുകെയിലെ ടെലഗ്രാഫ് പത്രമാണ് ഇൻവസ്റ്റിഗേഷൻ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. മ്യാൻമാറിലെ പാവപ്പെട്ടവര്‍ക്ക് പണം നല്‍കി വൃക്ക മാറ്റിവയ്ക്കല്‍ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍ രംഗത്തെത്തി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോപണങ്ങളാണ് ഇതെന്ന് ആശുപത്രി പ്രതികരിച്ചു.
മ്യാന്മാറില്‍ നിന്നുള്ള പാവപ്പെട്ടവരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായ യുവാക്കളെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ച് ലോകത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സമ്ബന്നരായ രോഗികള്‍ക്ക് വേണ്ടി അവരുടെ വൃക്കകള്‍ ദാനം ചെയ്യാൻ പണം നല്‍കുന്നു എന്നാണ് ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ”ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മിക്കുന്നവയാണ്. രോഗികളുടെ ബന്ധുക്കളെന്നു പറഞ്ഞ് വ്യാജ കുടുംബ ചിത്രങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു”, എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊരു വലിയ ബിസിനസാണെന്നും റാക്കറ്റിലെ ഏജൻറുമാരില്‍ ഒരാളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി, ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍ വൃക്ക ആവശ്യമുള്ള രോഗിയുടെ ബന്ധുവായി അഭിനയിക്കുകയാണ് ചെയ്തത്. ഈ രോഗിക്ക് അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമായിരുന്നു, എന്നും എന്നാല്‍ വൃക്ക ദാനം ചെയ്യാൻ പറ്റിയ ആളുകള്‍ ഇവരുടെ കുടുംബത്തില്‍ ഇല്ലെന്നും റാക്കറ്റുമായി ബന്ധപ്പെട്ട ആളുകളെ ഇയാള്‍ ധരിപ്പിച്ചു. ഈ റിപ്പോര്‍ട്ടര്‍ അപ്പോളോയുടെ മ്യാന്മാര്‍ ഓഫീസുമായും പിന്നീട് ബന്ധപെട്ടു. വൃക്ക ദാനം ചെയ്യാൻ ഒരാളെ കണ്ടെത്തും എന്നായിരുന്നു അവിടെയുള്ളവര്‍ നല്‍കിയ മറുപടി. പിന്നാലെ ഒരു അപ്പോളോ ഏജന്റ്, റിപ്പോര്‍ട്ടറെ 27 വയസുള്ള ഒരു ബര്‍മക്കാരനുമായി ബന്ധപ്പെടുത്തി. തന്റെ പ്രായമായ മാതാപിതാക്കള്‍ക്ക് സഹായമാകണം എന്നും അതിനുള്ള സാമ്ബത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ തന്റെ വൃക്ക വില്‍ക്കണമെന്നുമാണ് ആ യുവാവ് പറഞ്ഞത്. രോഗിക്ക് അവരുടെ ദാതാവിനെ തിരഞ്ഞെടുക്കാമെന്നും അയാള്‍ക്ക് പണം കൊടുത്താല്‍ മതിയെന്നും ഏജന്റ് റിപ്പോര്‍ട്ടറോട് പറഞ്ഞു.
അപ്പോളോയുടെ മ്യാന്മാറിലെ ഏജന്റ് റിപ്പോര്‍ട്ടര്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കുകയും ചെയ്തു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നിരവധി ചെലവുകള്‍ അതില്‍ പരാമര്‍ശിച്ചിരുന്നു. ഫാമിലി ട്രീ അഥവാ വംശാവലിയുണ്ടാക്കാന്‍ 33,000 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. വണ്‍ സൈഡ് ഫ്ലൈറ്റ് ചാര്‍ജായി 21,000 രൂപയും മെഡിക്കല്‍ ബോര്‍ഡിന്റെ രജിസ്ട്രേഷൻ ഇനത്തില്‍ 16,700 രൂപയും വേണമെന്നും പറഞ്ഞിരുന്നു. ഒരു രോഗിക്ക് മൊത്തത്തില്‍ 1,79,500 രൂപ വരെ ചെലവ് പ്രതീക്ഷിക്കാമെന്നും രേഖയില്‍ പറയുന്നു. ദാതാവിന് നല്‍കേണ്ട പണം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. എങ്കിലും ഇത് ഏകദേശം 70 അല്ലെങ്കില്‍ 80 ലക്ഷം രൂപ ആയിരിക്കും എന്നാണ് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുൻകൂര്‍ പണമടച്ചുകഴിഞ്ഞാല്‍ ഈ വൃക്കദാതാവ് ഇന്ത്യയിലേക്ക് പറക്കും. രോഗി പിന്നീട് ട്രാൻസ്പ്‌ളാന്റ് ഓതറൈസേഷൻ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുകയും ചെയ്യും. യുകെയില്‍ പരിശീലനം നേടിയ, പത്മശ്രീ ലഭിച്ചിട്ടുള്ള ഡോ. സന്ദീപ് ഗുലേറിയയുടെ പേരും ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത് ഗുലേരിയയാണെന്നാണ് ചില രോഗികളും ഏജന്റുമാരും ടെലഗ്രാഫിനോട് പറഞ്ഞത്.