കൊച്ചി: പുതിയ സംരംഭത്തിനായി ഒമ്പത് സംസ്ഥാനങ്ങളുമായുള്ള ചർച്ച തുടരുകയാണെന്ന് കിറ്റെക്സ് ഗ്രൂപ്പിൻറെ എം ഡി സാബു എം ജേക്കബ്. വിശദമായ പഠനങ്ങൾക്ക് ശേഷമാകും അന്തിമ തീരുമാനം. സന്നദ്ധത അറിയിച്ചിട്ടുള്ള സംസ്ഥാനങ്ങളുമായി ഇന്നും ചർച്ച തുടരുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് അറിയിച്ചു.
അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ഇടപെടലും തുടർന്നുള്ള വ്യവസായ മന്ത്രിയുടെ പ്രതികരണത്തിനോടും അനുകൂലമായ രീതിയിലല്ല കിറ്റെക്സ് മറുപടി പറഞ്ഞത്. സേവ് കിറ്റെക്സ് മുദ്രാവാക്യമുയർത്തി 9000 തൊഴിലാളികൾ കഴിഞ്ഞ ദിവസം കമ്പനിയിൽ പ്രതിഷേധ ജ്വാല നടത്തിയിരുന്നു.
കിറ്റക്സ് എം ഡി ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ തള്ളിയിരുന്നു. ജനപ്രതിനിധികളുടേയും കോടതിയുടേയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്പനിയിലെ പരിശോധനയെന്നാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം. ബെന്നി ബഹന്നാൻ എംപി ദേശീയമനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയും പി ടി തോമസ് നിയമസഭയിൽ ഉന്നയിച്ച ആരോപണവും പരിശോധിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ്, സർക്കാർ മുൻകൈ എടുത്തതല്ലെന്ന് വ്യക്തമാക്കിയായിരുന്നു വ്യവസായമന്ത്രി പി രാജീവിന്റെ ന്യായീകരണം. സാബു ജേക്കബിന്റെ ആരോപണങ്ങൾ ഗുഢലക്ഷ്യം വെച്ചുള്ളതാണെന്നും രാജീവ് വിമർശിച്ചു.