ഇന്ധന നികുതി വിഷയത്തില്‍ നിയമ സഭയില്‍ പ്രതിപക്ഷ ഭരണപക്ഷ വാക്‌പോര്. ഇന്ധന വിലവര്‍ദ്ധനവിന് എതിരെ വ്യത്യസ്ത പ്രതിഷേധവുമായിട്ടായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമ സഭയിലെത്തിയത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ സൈക്കിളിലാണ് നിയമസഭയില്‍ എത്തിയത്. ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പിന്നാലെ, പരസ്പരം പരിഹസിച്ചും കുറ്റപ്പെടുത്തിയും ആരോപണങ്ങളുന്നയിച്ചും പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ഏറ്റുമുട്ടി. ഇന്ധന നികുതി കുറയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. അധിക വരുമാനത്തിന്റെ പുറത്ത് കയറി ഇരിക്കാതെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഇടപെടല്‍ നടത്തുമോയെന്ന് സര്‍ക്കാര്‍ പറയണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് സ്വീകരിച്ച നിലപാട്. കെ ബാബു എംഎല്‍എ ആയിരുന്നു വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീ്‌സ് നല്‍കിയത്. നികുതി വര്‍ധിപ്പിച്ചത് സംസ്ഥാനമാണോ കേന്ദ്രമാണോയെന്ന് മന്ത്രി വിശദീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടി പറഞ്ഞ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുന്‍ സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ച വിഷയവും, കേന്ദ്ര നയങ്ങളെയും കുറ്റപ്പെടുത്തുന്ന പതിവ് നിലപാട് തന്നെയായിപുന്നു സ്വീകരിച്ചത്. ഇതിനിടെ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച പ്രതിപക്ഷത്തെ പരിഹസിക്കാനും അദ്ദേഹം തയ്യാറായി. 6 വര്‍ഷമായി സംസ്ഥാനം ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല. 3 വര്‍ഷം മുന്‍പ് കുറയ്ക്കുകയും ചെയ്തു. ഇന്ധന നികുതി വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണ്, കൂട്ടിയവരാണ് കുറയ്‌ക്കേണ്ടത്. ഇവിടെ നിന്ന് 19 പേര്‍ അവിടെ പാര്‍ലമെന്റില്‍ ഉണ്ടെല്ലോയെന്ന് സൂചിപ്പിച്ച ധനമന്ത്രി പാര്‍ലമെന്റിലേക്ക് അവര്‍ കാളവണ്ടിയില്‍ പോകട്ടേയെന്നും പരിഹസിച്ചു.
ഓയില്‍ പൂള്‍ അക്കൗണ്ട് ഇല്ലാതാക്കിയത് കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോളായിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല. 2018 ല്‍ ഇത് കുറയ്ക്കുകയും ചെയ്തു. കൊവിഡ് സമയത്ത് എല്ലാ സംസ്ഥാനങ്ങളും നികുതി വര്‍ധിപ്പിച്ചപ്പോള്‍ കേരളം നികുതി വര്‍ധിപ്പിച്ചില്ല. അത് പാതകമായി കാണരുത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ കോവിഡ് സമയത്ത് 6 ശതമാനം ഇന്ധന നികുതി വര്‍ധിപ്പിച്ചിരിന്നു. സര്‍ചാര്‍ജിന്റെ പേരില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുകയാണ്. ഇവിടെ നിന്ന് എംഎല്‍എമാര്‍ ഒരുമിച്ച് സൈക്കിളിലും, കാളവണ്ടിയിലും ഡല്‍ഹിയ്ക്കാണ് പോകേണ്ടത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ധന മന്ത്രിയുടെ മറുപടിയ്ക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പിന്നാലെ സംസാരിച്ച പ്രതിപക്ഷ നേതാവ്. പ്രതീകാത്മക സമരത്തെ പരസ്പരം ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സഭയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനെതിരെ 19 എംപിമാര്‍ ഡല്‍ഹിയില്‍ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചപ്പോള്‍, സിപിഎം അംഗം ഒപ്പം നിന്നില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 500 കോടിയാണ് നികുതിയായി കിട്ടിയത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് 5000 കോടിയാണ് ഇന്ധന നികുതിയായി ലഭിച്ചത്. വില നിയന്ത്രണ അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിന്നും എടുത്തുമാറ്റിയത് കൊണ്ടല്ല വില കൂടുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധന നികുതി കുറച്ചെന്ന് പറഞ്ഞ് പാര്‍ട്ടിക്കാരെ പറ്റിക്കാന്‍ പറ്റും. പക്ഷേ ജനങ്ങളെ പറ്റിക്കാന്‍ കഴിയില്ല. ബി ജെ പി നികുതി വര്‍ധിപ്പിക്കുമ്പോള്‍ ഒപ്പം ചേര്‍ന്ന് സന്തോഷം കാണുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന നികുതിയില്‍ സര്‍ക്കാരിന് പിടിവാശിയെന്ന് ആരോപിച്ച വിഡി സതീശന്‍ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരികയാണ് എന്നും അറിയിച്ചു.