കൊച്ചി: മെട്രോയോടനുബന്ധിച്ചുള്ള വാട്ടർ മെട്രോ പദ്ധതിയുടെ യാത്രാ നിരക്ക് നിശ്ചയിച്ചു. ഒരു വർഷത്തേക്കുള്ള ആദ്യഘട്ട യാത്രാനിരക്കാണ് നിശ്ചയിച്ചത്. കുറഞ്ഞ നിരക്ക് 20 രൂപയാണ്. മൂന്ന് കിലോമീറ്റർ വരെയാണ് ഈ നിരക്ക്.
ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വർദ്ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളിൽ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയർ ഫിക്സേഷൻ കമ്മിറ്റി രൂപീകരിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് മന്ത്രിസഭായോഗം അധികാരം നൽകി.
മാർക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാൻ ഇവർക്ക് അധികാരമുണ്ടാവും. വാട്ടർ മെട്രോ സർവീസ് കാക്കനാട് ഇൻഫോപാർക്കിലെ സിൽവർ ലൈൻ അതിവേഗ റെയിൽപ്പാത ടെർമിനലിലേക്ക് നീട്ടാൻ ആഴ്ചകൾക്ക് മുൻപ് തീരുമാനിച്ചിരുന്നു. ഇതോടെ ഇൻഫോപാർക്കിലെ സിൽവർ ലൈൻ സ്റ്റേഷനുസമീപത്തെ ജെട്ടി വിവിധ ഗതാഗതമാർഗങ്ങൾ സംയോജിപ്പിക്കുന്ന ഹബ്ബായി മാറും.
നിലവിൽ വാട്ടർ മെട്രോയുടെ വൈറ്റില, കാക്കനാട് (ചിറ്റേത്തുകര) ടെർമിനലുകൾ നിർമാണം പൂർത്തിയായി. ഇവ സർവീസ് ആരംഭിക്കാൻ സജ്ജമാണ്. വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചാൽ 20 മിനിറ്റിൽ വൈറ്റിലയിൽനിന്ന് കാക്കനാട്ടേക്ക് എത്താം.