ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടാ ആക്രമണം; പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

September 1, 2021
288
Views

പരവൂർ: ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണക്കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ സജ്ന മൻസിലിൽ ഷംല (44), മകൻ സാലു (23) എന്നിവർ പരവൂർ പൊലീസിൽ പരാതി നൽകി.

ഇന്നലെ വൈകിട്ട് തെക്കുംഭാഗം ബീച്ചിലാണു സംഭവം. വടി പോലുള്ള ഉപകരണം ഉപയോഗിച്ച് ഒരാൾ ഷംലയെയും സാലുവിനെയും മർദിക്കുകയായിരുന്നു. ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ ഉടൻ പൊലീസ് പ്രതിയെ അന്വേഷിച്ചു പോയെങ്കിലും കണ്ടെത്തിയില്ല. സംഭവത്തിന് പിന്നിൽ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാൽ ഇരുവരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, ആടിനെ കാറിടിച്ചതു ചോദ്യം ചെയ്തപ്പോൾ തന്റെ സഹോദരനെ മർദിച്ചെന്നു കാണിച്ചു പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവതി രാത്രി വൈകി പൊലീസിൽ പരാതി നൽകി. എന്നാൽ ആടിനെ വാഹനം തട്ടിയെന്ന ആരോപണം ശരിയല്ലെന്ന് ഇൻസ്പെക്ടർ എ. നിസാർ പറഞ്ഞു.

കഴിഞ്ഞ 16 വർഷമായി അമ്മയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ. സംഭവ ദിവസം പുലർച്ചെ ഞങ്ങൾ ആശുപത്രിയിൽ പോയതു കൊണ്ടു തിരികെ മടങ്ങി വന്നപ്പോൾ നല്ല ക്ഷീണവും വിശപ്പും ഉണ്ടായിരുന്നു. ഞാനാണ് വാഹനം ഓടിച്ചത്. അപ്പോഴാണ് അവിടെ നിന്നു ഊണ് വാങ്ങി കഴിക്കാം എന്ന് തീരുമാനിച്ചത്. അങ്ങനെ തെക്കുംഭാഗത്തെ കടയിൽ നിന്നു രണ്ടു പേർക്കും കൂടി ഒരു ഊണ് വാങ്ങുകയായിരുന്നു. ഞങ്ങൾ കാറിൽ തന്നെ ഇരുന്നു കഴിക്കാൻ തീരുമാനിച്ചതുകൊണ്ടു പുറത്തേക്കിറങ്ങിയില്ല. അപ്പോഴാണ് ഇയാൾ ഇരുമ്പ് വടിയുമായി എത്തിയത്. നിന്റെ അമ്മയാണോ…കണ്ടാൽ അങ്ങനെ പറയില്ലല്ലോ എന്നും പറഞ്ഞാണ് അയാൾ വന്നത് എന്ന് ഷംലയുടെ മകൻ സാലു പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *