ആശ്രാമം മൈതാനത്തെ നിര്‍മ്മാണം; മുകേഷ് സ്വന്തം ഇഷ്ടം നടപ്പാക്കുന്നുവെന്ന് സിപിഐ, തര്‍ക്കം തുടരുന്നു

August 16, 2021
162
Views

കൊല്ലം: ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമാകുന്നു. കൊല്ലം എംഎല്‍എ മുകേഷ് സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രാമം മൈതാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് സിപിഐ ആരോപണം. അഷ്ടമുടി കായല്‍ കയ്യേറ്റവും മലിനികരണവും തടയാനുള്ള പദ്ധതി നടപ്പാക്കുന്നതിന് പകരം കോൺക്രീറ്റ് നിര്‍മ്മാണവുമായി മുന്നോട്ട് പോയാല്‍ എതിര്‍ക്കാനാണ് സിപിഐ തീരുമാനം.

ആശ്രാമം മൈതാനത്തിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്തണമെന്നും കോൺക്രീറ്റ് നിര്‍മ്മാണ പ്രവർത്തനങ്ങളില്‍ നിന്നും എംഎല്‍എ പിന്മാറണമെന്നുമാണ് സിപിഐയുടെ ആവശ്യം. പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയാണ് സിപിഐ എതിര്‍ക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരല്ലെന്നും പറയുന്നു. ജനപ്രതിനിധികളുടെ ഏതിര്‍പ്പ് പോലും വകവെക്കാതെയാണ് ആശ്രാമം മൈതാനത്ത് 20 കടമുറികള്‍ പണിയാന്‍ തീരുമാനിച്ചത്. ഇതിന് നിയമപരമായി സാധുത ഇല്ലന്നാണ് സിപിഐയുടെ വാദം.

ദിനംപ്രതി മലിനമായി കൊണ്ടിരിക്കുന്ന അഷ്ടമുടിക്കായലിനെയും സമിപത്തുള്ള കണ്ടല്‍ക്കാടുകളെയും സംരക്ഷിക്കാന്‍ എംഎല്‍എ മുന്നോട്ട് വരണമെന്നാണ് സിപിഐയുടെ ആവശ്യം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംഎല്‍എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സിപിഐയുടെ ജനപ്രതിനിധികള്‍ വിയോജിപ്പ് അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് എംഎല്‍എ മുന്നോട്ട് പോകുന്നതെന്നും ആരോപണം ഉണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയാല്‍ ഹരിത ട്രൈബ്യൂണലിനെ സമിപിക്കാനാണ് സിപിഐയുടെ നീക്കം. ആശ്രാമം മൈതാനത്തിലെ നിര്‍മ്മാണ പ്രവ്‍ത്തനങ്ങള്‍ എല്‍ഡിഎഫില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ ഇല്ല എന്ന നിലപാടിലാണ് എം മുകേഷ് എംഎല്‍എ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *