ചാത്തന്നൂർ: കെഎസ്ആർടിസി കൂടുതല്‍ കുട്ടി ബസുകള്‍ നിരത്തിലിറക്കും. ഇതിന്റെ ട്രയല്‍ റണ്‍ മന്ത്രി കെ.ബി. ഗണേശ്കുമാർ തിരുവനന്തപുരത്ത് നടത്തി.
മലയോരമേഖലകളിലും ഉള്‍പ്രദേശങ്ങളിലും ചെറു നഗരങ്ങളിലും അനായസം സർവീസ് നടത്താൻ മിനി ബസുകള്‍ക്ക് കഴിയുമെന്നതിനാലാണ് ഈ തീരുമാനം. വലിയ ബസുകള്‍ ഉപയോഗിച്ച് സർവീസ് നടത്താൻ കഴിയാത്ത എന്നാല്‍ നിലവില്‍ സർവീസ് നടത്തുന്ന റൂട്ടുകളില്‍ മിനി ബസ് ഓടിക്കും.
ടാറ്റയുടെ എല്‍പി 712 സീരിസ് 120 ബസുകളാണ് വാങ്ങുന്നത്. 32സീറ്റുകളുള്ള 8, 63 മീറ്റർ നീളവും 2.3 മീറ്റർ വീതിയും 18 സി എം ഫ്ലോർ ഉയരവുമുള്ളതാണ് ഈ ബസുകള്‍. നോണ്‍ എ സി ആണ് ഈ എല്‍ പി വാതക ഇന്ധന ബസുകള്‍.
ഡീസല്‍ ചിലവ് കുറയ്ക്കാനും ഇടുങ്ങിയ റോഡുകളില്‍ സർവീസ് നടത്താനും ജനസാന്ദ്രത കുറഞ്ഞ മേഖലകളിലേയ്ക്ക് സർവീസ് വ്യാപിക്കാനും ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും ഈ വാതക ഇന്ധന ബസുകള്‍ ഉപകരി ങ്ങുമെന്ന വിലയിരുത്തലാണ്.
കെ എസ് ആർടിസി വാങ്ങുന്ന മിനി ബസുകളില്‍ പബ്ലിക് അഡ്രസിംഗ് സിസ്റ്റം, ഡാഷ് ബോർഡ് കാമറ, എല്‍ ഇ ഡി ടി വി വിത്ത് മ്യൂസിക്, പ്രായാധിക്യമുള്ളവർക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം എന്നിവയും സജ്ജീകരിക്കണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരം ബസുകള്‍ ഓർഡിനറിയായാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് നിന്നും യാത്ര ചെയ്യാം. ഗതാഗത മന്ത്രി ഇന്നലെ ട്രയല്‍ റണ്‍ നടത്തിയ ബസ് മന്ത്രിയുടെ മണ്ഡലമായപത്തനാപുരത്തെ യൂണിറ്റിന് കൈമാറും. ഈ ബസ് പത്തനാപുരം -കുര-മൈലം -കൊട്ടാരക്കര റൂട്ടില്‍ സർവീസ് നടത്തും.