തിരുവനന്തപുരം: കേരള – കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ ജൂലൈ 12 (തിങ്കൾ) മുതൽ പുനരംഭിക്കാൻ കെഎസ്‌ആർടിസി തയ്യാറാണെന്ന് കർണ്ണാടക സർക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു.
കേരളത്തിലും കർണ്ണാടകത്തിലും കൊറോണ നിയന്ത്രങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഇക്കാര്യം സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം. ഈ വിഷയത്തിൽ കർണ്ണാടക സർക്കാരിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കർണ്ണാടകത്തിൽ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നടത്താനാകുകയുള്ളൂ. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട് – കാസർഗോഡ് വഴി കെഎസ്‌ആർടിസി നടത്തുക. ഇതേ റൂട്ട് വഴിയുള്ള സർവ്വീസുകളായിരിക്കും കർണ്ണാടക റോഡ് കോർപ്പറേഷനും നടത്തുകയെന്ന് മന്ത്രി അറിയിച്ചു.
തമിഴ്നാട് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് – സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കൊറോണ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടാകും സർവ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.